മുസ്ലിംകളും ദലിതരും രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു: ഇന്ത്യാ ടുഡേ സര്‍വേ

Jaihind Webdesk
Tuesday, March 12, 2019

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ് രാജ്യത്തെ മുസ്ലിംകളും ദളിതരുമെന്ന് ദേശീയ മാധ്യമമായ ഇന്ത്യാടുഡേയുടെ സര്‍വ്വേഫലങ്ങള്‍. സര്‍വേയില്‍ 44 ശതമാനം ദളിതര്‍ രാഹുല്‍ ഗാന്ധിയ പ്രധാനമന്ത്രിയാകണമെന്നാണ് രേഖപ്പെടുത്തിയത്. സര്‍വെ പ്രകാരം 61 ശതമാനം മുസ്ലിംകളും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹമുള്ളവരാണ്. ജനുവരിയില്‍ നടത്തിയ സര്‍വേയില്‍ ഇത് 57 ശതമാനമായിരുന്നു. 18 ശതമാനം മുസ്ലിംകള്‍ മാത്രമാണ് മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാവണമെന്ന് അഭിപ്രായപ്പെട്ടത്.

ആദിവാസികള്‍ക്കിടയില്‍ ജനുവരിയില്‍ നടത്തിയ സര്‍വേ ഫലത്തെക്കാളും 10 ശതമാനം അധികം രാഹുല്‍ ഗാന്ധിക്ക് പിന്തുണ ലഭിച്ചു. അതേസമയം, സര്‍വേയുടെ മൊത്തം ഫലപ്രകാരം 52 ശതമാനം പേരും നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹമുള്ളവരാണ്. രാഹുല്‍ഗാന്ധിക്ക് 33 ശതമാനം പേര്‍ മാത്രമാണ് പ്രധാനമന്ത്രിപദത്തിലേക്കു വോട്ട്ചെയ്തത്.

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം രാജ്യത്തു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ജനങ്ങളുടെ താല്‍പര്യം വര്‍ധിച്ചെന്ന് ടൈംസ് നൗ നടത്തിയ സര്‍വേയില്‍ അഭിപ്രായപ്പെട്ടു. ഫെബ്രുവരി അഞ്ച് മുതല്‍ 21 വരെ നടത്തിയ വോട്ടെടുപ്പില്‍ പങ്കെടുത്ത 52 ശതമാനവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചപ്പോള്‍ 27 ശതമാനം മാത്രമാണ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത്. അരവിന്ദ് കെജ്രിവാളും മമതാ ബാനര്‍ജിയും അടക്കമുള്ള പ്രാദേശിക നേതാക്കള്‍ക്കു 7.3 ശതമാനവും വോട്ടുകള്‍ ലഭിച്ചു. ജനുവരിയില്‍ നടന്ന വോട്ടെടുപ്പില്‍ 44.4 ശതമാനം പിന്തുണയായിരുന്നു മോദിക്കു ലഭിച്ചത്. അതേസമയം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മോദിസര്‍ക്കാര്‍ പാലിച്ചില്ലെന്ന് 46 ശതമാനവും പാലിച്ചെന്ന് 27 ശതമാനവും പേര്‍ വിലയിരുത്തി.