Women’s World Cup Final| ചരിത്രമെഴുതാന്‍ ഇന്ത്യ, കന്നിക്കിരീടം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക: വനിതാ ലോകകപ്പ് ഫൈനല്‍ നാളെ

Jaihind News Bureau
Saturday, November 1, 2025

നവി മുംബൈ: കന്നിക്കിരീടം ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഇതാ മറ്റൊരു ലോകകപ്പ് ഫൈനലിന് ഒരുങ്ങുന്നു. ആവേശം അണപൊട്ടിയൊഴുകുന്ന പോരാട്ടത്തില്‍ നാളെ നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. രണ്ട് തവണ കൈവിട്ടുപോയ ലോകകപ്പ് സ്വപ്നം ഇത്തവണ യാഥാര്‍ത്ഥ്യമാക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും.

ഏഴ് തവണ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ സെമിഫൈനലില്‍ അഞ്ച് വിക്കറ്റിന് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തത്. വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചേസ് (339 റണ്‍സ്) എന്ന റെക്കോര്‍ഡ് കുറിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.

സെമിയിലെ വിജയശില്‍പിയായ ജെമീമ റോഡ്രിഗസിന്റെ (പുറത്താകാതെ 127 റണ്‍സ്) തകര്‍പ്പന്‍ സെഞ്ച്വറിയും, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ (89 റണ്‍സ്) വീരോചിത പോരാട്ടവും ടീമിന്റെ കരുത്ത് വിളിച്ചോതുന്നു. 2005-ലും 2017-ലും ഫൈനലില്‍ കാലിടറിയ ഇന്ത്യ, ഇത്തവണ ചരിത്രം തിരുത്തി കിരീടം സ്വന്തമാക്കാന്‍ എല്ലാ അര്‍ത്ഥത്തിലും സജ്ജരാണ്.

നാല് തവണ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ 125 റണ്‍സിന് തകര്‍ത്ത് തങ്ങളുടെ ആദ്യ ഏകദിന ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് അവര്‍ പുറത്തെടുത്തത്. സെമിയില്‍ ഓപ്പണര്‍ ലോറ വോള്‍വാര്‍ഡിന്റെ (169 റണ്‍സ്) സെഞ്ച്വറിയും, മാരിസാന്‍ കാപ്പിന്റെ ബൗളിംഗ് പ്രകടനവും (5 വിക്കറ്റ്) ദക്ഷിണാഫ്രിക്കയുടെ ആധിപത്യം ഉറപ്പിച്ചു. പുരുഷ ടീമിന് പോലും ഇതുവരെ ഏകദിന ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കന്നിക്കിരീടം സ്വന്തമാക്കി ചരിത്രത്തില്‍ ഇടം നേടാനാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്.

ജയം ആര്‍ക്കൊപ്പമായാലും വനിതാ ക്രിക്കറ്റ് ലോകത്തിന് ഒരു പുതിയ ചാമ്പ്യനെ ലഭിക്കുമെന്നത് ഈ ഫൈനലിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. ആരാധകര്‍ക്ക് ഒരു വിരുന്നൊരുക്കുന്ന തീപാറുന്ന പോരാട്ടത്തിനാണ് നവി മുംബൈ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.