ന്യൂഡല്‍ഹി: കടങ്ങളില്‍ നിന്ന് കരകയറാന്‍ വായ്പകളെയും സാമ്പത്തിക സഹായങ്ങളെയും ആശ്രയിക്കുന്ന പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യ ഒരുങ്ങുന്നു. ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിനെയും (FATF) ലോകബാങ്കിനെയും ഇതിനായി ഇന്ത്യ സമീപിക്കും. പാകിസ്ഥാന് 20 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് അനുവദിക്കാനുള്ള ലോകബാങ്കിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കൂടാതെ, പാകിസ്ഥാനെ വീണ്ടും എഫ്എടിഎഫിന്റെ ‘ഗ്രേ ലിസ്റ്റില്‍’ ഉള്‍പ്പെടുത്താന്‍ ഇന്ത്യ സജീവമായി ശ്രമിക്കും. ഇത് പാകിസ്ഥാന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് മേലുള്ള നിരീക്ഷണം വര്‍ദ്ധിപ്പിക്കുകയും വിദേശ നിക്ഷേപങ്ങള്‍ക്കും മൂലധന പ്രവാഹത്തിനും തടസ്സമുണ്ടാക്കുകയും ചെയ്യും. 2018 ജൂണിലാണ് പാകിസ്ഥാനെ എഫ്എടിഎഫിന്റെ ‘ഗ്രേ ലിസ്റ്റില്‍’ ഉള്‍പ്പെടുത്തിയത്. ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് തടയുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് 2022 ഒക്ടോബറില്‍ പാകിസ്ഥാനെ ഈ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഭീകരസംഘടനകളുമായി ബന്ധമുള്ള വ്യക്തികളെ ജയിലിലടക്കുകയും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തതായി പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരുന്ന മെയ് 9ന് അന്താരാഷ്ട്ര നാണയ നിധി (IMF) പാകിസ്ഥാന് ഒരു ബില്യണ്‍ ഡോളറിന്റെ (ഏകദേശം 8,500 കോടി രൂപ) സാമ്പത്തിക സഹായം അനുവദിച്ചതില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്തിയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഈ അതൃപ്തി സര്‍ക്കാര്‍ നേരിട്ട് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവയെ അറിയിക്കുകയും യുദ്ധസമാനമായ സാഹചര്യത്തില്‍ എങ്ങനെയാണ് ഈ പാക്കേജിന് അനുമതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍, ഏതെങ്കിലും രാജ്യത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിന് ഇന്ത്യ എതിരല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പാകിസ്ഥാന് ഐഎംഎഫ് നല്‍കിയ 28 സാമ്പത്തിക സഹായ പദ്ധതികളില്‍ ഭൂരിഭാഗം തുകയും ആയുധങ്ങള്‍ വാങ്ങാനാണ് ഉപയോഗിച്ചതെന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനല്ലെന്നും ഐഎംഎഫിന്റെ കണക്കുകള്‍ ഉദ്ധരിച്ച് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ‘ഞങ്ങളുടെ പൗരന്മാര്‍ക്ക് നേരെ ഞങ്ങളുടെ മണ്ണില്‍ നടന്ന അതിക്രൂരമായ ആക്രമണങ്ങള്‍ക്കിടയിലും ഇന്ത്യ സ്വയം പ്രതിരോധിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇന്ത്യ സ്വന്തം കാലില്‍ നില്‍ക്കും,’ എന്ന് സര്‍ക്കാര്‍ ഐഎംഎഫിനെ അറിയിച്ചതായാണ് വിവരം. ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ ധനമന്ത്രിമാരുമായും ഇന്ത്യ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. സാമ്പത്തിക സഹായ പാക്കേജിനോടുള്ള ശക്തമായ എതിര്‍പ്പ് നിലനിര്‍ത്തുമ്പോഴും, പാകിസ്ഥാന് അടുത്ത ഗഡു സഹായം നല്‍കുന്നതിന് മുമ്പ് 11 പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താനുള്ള ഐഎംഎഫിന്റെ തീരുമാനത്തെ ഇന്ത്യ അഭിനന്ദിച്ചു.