ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ മരുന്നിന്‍റെ കയറ്റുമതിക്ക് സമ്മതിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭീഷണിയ്ക്ക് വഴങ്ങി ഇന്ത്യ. പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വീൻ അമേരിക്കയിലേയ്ക്ക് കയറ്റി അയയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കൊവിഡ് 19 അതിരൂക്ഷമായി ബാധിച്ച ചില രാജ്യങ്ങളിലേക്ക് ഹൈഡ്രോക്‌സി ക്ലോറോക്വീന്‍റെ കയറ്റുമതി നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. കഴിഞ്ഞ മാസം25 മുതല്‍ മരുന്നിന്‍റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
അതേസമയം ട്രംപിന്‍റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജ്യത്ത് വ്യാപക പ്രതിഷേധമുയരുകയാണ്. എല്ലാ രാജ്യങ്ങളേയും സഹായിക്കാന്‍ ഇന്ത്യ തയാറാകണമെന്നും എന്നാല്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മരുന്ന് നല്‍കിയില്ലെങ്കില്‍ ഇന്ത്യക്ക് തിരിച്ചടി ഉണ്ടാകുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയെയും അദ്ദേഹം പരിഹസിച്ചു. സൃഹൃത്തുക്കള്‍ക്കിടയില്‍ പ്രതികാരം തോന്നുമോയെന്നും അദ്ദേഹം ടീറ്റില്‍ കൂട്ടിച്ചേര്‍ത്തു. മോദി തന്‍റെ പ്രിയപ്പെട്ട സുഹൃത്താണെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്‍റെ പ്രതികരണം.
ട്രംപിന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച് ശശി തരൂര്‍ എംപിയും രംഗത്തെത്തി. ഇതുപോലെ പരസ്യമായി മറ്റൊരു രാജ്യത്തെ ഭീഷണിപ്പെടുത്തുന്ന രാഷ്ട്രത്തലവനെ ഇത്രയും കാലത്തിനിടയ്ക്ക് താന്‍ കണ്ടിട്ടില്ലെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എങ്ങനെയാണ് അമേരിയ്ക്കയ്ക്കുള്ളതാകുന്നതെന്നും ഇന്ത്യ വില്‍പ്പന നടത്തിയാല്‍ മാത്രമേ അവര്‍ക്ക് അത് ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
ട്രംപിന്‍റെ ഭീഷണിയ്ക്കുമുന്‍പില്‍ മോദി സര്‍ക്കാര്‍ വീണുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു. ട്രംപിന് വേണ്ടി വന്‍തുക ചെലവിട്ട് മാമാങ്കം ഒരുക്കിയതിന് മോദിക്ക് ലഭിച്ചതിതാണെന്നും അദ്ദേഹം പറഞ്ഞു.