പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി “India: The Modi Question” യൂട്യൂബ് പിൻവലിച്ചു

Jaihind Webdesk
Friday, January 20, 2023

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി India: The Modi Question യൂട്യൂബ് പിൻവലിച്ചു. ചൊവ്വാഴ്ച പുറത്തിറങ്ങിയ ഡോക്യുമെന്‍ററിയില്‍  പ്രധാന മന്ത്രിയുടെ ജീവിതവും അധികാരത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ യാത്രയുമാണ് ഉള്‍ക്കൊള്ളിച്ചിരുന്നത്. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്‍റെ രഹസ്യരേഖകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ബിബിസി ഡോക്യുമെന്‍ററി നിര്‍മിച്ചത്. ഡോക്യുമെന്‍ററിയെ കുറിച്ചുള്ള വിവരങ്ങള്‍ വിദേശ രാജ്യങ്ങളിലെ പ്രധാന മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.

പ്രധാന മന്ത്രിയുടെ കഥകള്‍ സസുക്ഷമം നിരീക്ഷിച്ചതിനു ശേഷമാണ് ഡോക്യുമെന്‍ററി നിര്‍മ്മിച്ചതെന്ന്  ഇംഗ്ലണ്ട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Birmingham Live പറയുന്നു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടവും, ആ സമയത്തെ അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ആഴത്തിലുള്ള പഠനവും ഡോക്യുമെന്‍ററിയില്‍ പ്രതിപാദിക്കുന്നു.  2002 ല്‍ രാജ്യത്തെ നടുക്കിയ ഗുജറാത്ത് കലാപവും അതില്‍  2000 ത്തോളം പേര്‍ മരണപ്പെട്ടതും, കലാപം കൈകാര്യം ചെയ്തതിന് ഗുജറാത്തിലെ അന്നത്തെ ഭാരതീയ ജനതാ പാർട്ടി ഗവൺമെന്‍റ്  നിശിതമായി വിമർശിക്കപ്പെട്ടിരുന്നു. കോടതികളില്‍  സംസ്ഥാന സർക്കാരിനെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും ഇന്നും പ്രതിയോഗികള്‍ ഇതിനെതിരെ വാദിക്കുന്നുണ്ടെന്നും Birmingham Live പറയുന്നു.

മോദി യുകെയുടെയും യുഎസിന്‍റെയും ഒരു പ്രധാന സഖ്യകക്ഷിയാണ്, തെക്കുകിഴക്കൻ ഏഷ്യയിലെ ചൈനീസ് ശക്തിയുടെ നിർണായക പ്രതിവിധിയായി അദ്ദേഹം കണക്കാക്കപ്പെടുന്നു, .എന്നിരുന്നാലും, ഇന്ത്യയിലെ രാഷ്ട്രീയ അവകാശങ്ങളുടെ ശോഷണമാണെന്ന് എതിരാളികൾ ആരോപിക്കുന്ന കാര്യങ്ങളിൽ പ്രധാനമന്ത്രി സ്വദേശത്തും വിദേശത്തും ധാരാളം വിമർശനങ്ങൾ നേരിട്ടിട്ടുണ്ടെന്ന്  Birmingham Live പറയുന്നു.

അതേസമയം  ഹിന്ദു ദേശീയതയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ  നിലപാടാണ് അവശേഷിക്കുന്ന മറ്റൊരു വലിയ ചോദ്യമെന്ന് ഡോക്യുമെന്‍ററിയ്ക്ക് ശേഷം ബ്രിട്ടീഷ് ദിനപത്രം ‘ദ ഗാർഡിയൻ’  ചോദിക്കുന്നു. എന്നിരുന്നാലും അദ്ദേഹം രാജ്യത്തിന്‍റെ  പിന്തുണ ആസ്വദിക്കുന്നത് തുടരുകയാണെന്നും ഇവര്‍ പറയുന്നു.

ബുധനാഴ്ചയോടെ യൂട്യൂബില്‍ നിന്നും The Modi Question പിന്‍വലിച്ചെങ്കിലും  ഇതിനെതിരെ വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്നു. വ്യാഴാഴ്ച  പൈറേറ്റഡ് ആയ മറ്റൊരു യൂട്യൂബ് ചാനലില്‍ ഡോക്യുമെന്‍ററി വരുന്നുണ്ടെന്നും ജനങ്ങള്‍ കാണണമെന്നും വ്യാപകമായി ആഹ്വാനം ചെയ്തിരുന്നു.

അതേസമയം കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഡോക്യുമെന്‍ററിയെ കഴിഞ്ഞ ദിവസം രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.   വ്യക്തമായ അജണ്ടയുടെ ഭാ​ഗമാണ് ഡോക്യുമെന്‍ററിയെന്നും അപകീർത്തിപ്പെടുത്തുക ലക്ഷ്യമിട്ട് മാത്രം നിർമിച്ചതാണിതെന്നും  മുൻവിധിയും വസ്തുനിഷ്ഠതയില്ലായ്മയും കൊളോണിയൽ മാനസികാവസ്ഥയും അതിൽ വ്യക്തമായി കാണാമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു.