
സ്വന്തം മണ്ണില്‍, ഇന്ത്യ പതിറ്റാണ്ടുകളായി കൈവശം വെച്ചിരുന്ന അജയ്യമായ കോട്ടകള്‍ തകര്‍ന്നുവീഴുന്ന കാഴ്ചയാണ് ഗുവാഹത്തിയില്‍ കണ്ടത്. പരാജയം, അതും ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിനില്‍! ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യയെ 408 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക, രണ്ട് മത്സര ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയൊരധ്യായം എഴുതിച്ചേര്‍ത്തിരിക്കുന്നു.
ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്. 549 റണ്‍സിന്റെ ഹിമാലയന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, രണ്ടാം ഇന്നിങ്സില്‍ അവസാന ദിവസം വെറും 140 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍, ടെംബാ ബാവുമയുടെ പ്രോട്ടീസ് ടീം അവരുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു.
ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കൂട്ടത്തകര്‍ച്ചക്ക് പ്രധാന കാരണം ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ സിമോണ്‍ ഹാര്‍മറാണ്! വെറും 37 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഹാര്‍മര്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ കറക്കിവീഴ്ത്തിയത്. മാര്‍ക്കോ യാന്‍സന്റെ പേസ് പിന്തുണയും, കേശവ് മഹാരാജിന്റെയും മുത്തുസാമിയുടെയും കൃത്യതയാര്‍ന്ന സ്പിന്‍ ആക്രമണവും ചേര്‍ന്നപ്പോള്‍, ഇന്ത്യയ്ക്ക് മറുപടിയില്ലാതായി.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനും ഇത് ചരിത്രനിമിഷമാണ്. 2000-ത്തിന് ശേഷം ആദ്യമായാണ് അവര്‍ ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര നേടുന്നത്. അതുകൂടാതെ, രണ്ട് തവണ ഇന്ത്യന്‍ മണ്ണില്‍ പരമ്പര തൂത്തുവാരിയ ആദ്യ ടീം എന്ന റെക്കോര്‍ഡും ബാവുമയുടെ ടീം സ്വന്തമാക്കി. ഈ പരമ്പര വിജയത്തോടെ, ടെസ്റ്റ് പരാജയമറിയാത്ത നായകനെന്ന റെക്കോര്‍ഡ് ബാവുമ നിലനിര്‍ത്തുകയും ചെയ്തു.
അതേസമയം തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ നാട്ടില്‍ സമ്പൂര്‍ണ്ണ തോല്‍വി വഴങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനോടും ഇന്ത്യ തോറ്റിരുന്നു. രണ്ട് തോല്‍വികളിലും ഗൗതം ഗംഭീറായിരുന്നു ഇന്ത്യന്‍ പരിശീലകന്‍. ഇതോടെ, നാട്ടില്‍ രണ്ട് ടെസ്റ്റ് പരമ്പരകളില്‍ സമ്പൂര്‍ണ്ണ തോല്‍വി വഴങ്ങുന്ന ആദ്യ പരിശീലകന്‍ എന്ന നാണക്കേട് ഗംഭീറിന് സ്വന്തമായി.