അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാന്‍ പാകിസ്ഥാനെ പ്രേരിപ്പിക്കണം: തുര്‍ക്കിയോട് ഇന്ത്യ

Jaihind News Bureau
Thursday, May 22, 2025

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കാനും പതിറ്റാണ്ടുകളായി സംരക്ഷിച്ചുപോരുന്ന ഭീകരസംവിധാനത്തിനെതിരെ വിശ്വസനീയവും പരിശോധിക്കാവുന്നതുമായ നടപടികള്‍ സ്വീകരിക്കാനും തങ്ങളുടെ ‘സുഹൃത്ത്’ രാജ്യമായ പാകിസ്ഥാനെ പ്രേരിപ്പിക്കണമെന്ന് ഇന്ത്യ തുര്‍ക്കിയോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന മാധ്യമ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാന് തുര്‍ക്കി നല്‍കിയ പിന്തുണയ്ക്കെതിരായ പ്രതിഷേധം പരാമര്‍ശിച്ച ജയ്സ്വാള്‍, ഇരു രാജ്യങ്ങളും പരസ്പരം ആശങ്കയുളവാക്കുന്ന വിഷയങ്ങളില്‍ സംവേദനക്ഷമമായ സമീപനം സ്വീകരിക്കണമെന്നും പറഞ്ഞു. ‘പരസ്പരമുള്ള ആശങ്കകളോടുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യങ്ങള്‍ തമ്മില്‍ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നത് അദ്ദേഹം പറഞ്ഞു.

തുര്‍ക്കിഷ് കമ്പനിയായ സെലേബി ഏവിയേഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍, ന്യൂഡല്‍ഹിയിലെ ടര്‍ക്കിഷ് എംബസിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ‘സെലേബി വിഷയം ഇവിടെയുള്ള ടര്‍ക്കിഷ് എംബസിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പ്രത്യേക തീരുമാനം ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (BCAS) എടുത്തതാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച, ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്കും ചരക്കുകള്‍ക്കും ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സേവനങ്ങള്‍ നല്‍കുന്ന തുര്‍ക്കിഷ് കമ്പനിയായ സെലേബി ഏവിയേഷന്റെ സുരക്ഷാ അനുമതി ഇന്ത്യ റദ്ദാക്കിയിരുന്നു. മെയ് 15ന് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം, ദേശീയ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം കൈക്കൊണ്ടത്. അതേസമയം, പാകിസ്ഥാനെ പിന്തുണച്ചതിന് ഐഐടി ബോംബെ, ഐഐടി റൂര്‍ക്കി എന്നിവയുള്‍പ്പെടെ നിരവധി ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുര്‍ക്കിയിലെ സര്‍വകലാശാലകളുമായുള്ള ബന്ധം നിര്‍ത്തിവച്ചിട്ടുണ്ട്.