ദക്ഷിണാഫ്രിക്കയെ തകര്‍ത്തു, ഇനി ലക്ഷ്യം ലോകകപ്പ്; ഇന്ത്യന്‍ ടീമിനെ ഇന്നറിയാം; പ്രതീക്ഷയില്‍ സഞ്ജു ആരാധകര്‍

Jaihind News Bureau
Saturday, December 20, 2025

2026 ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര 3-1ന് സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ലോകകപ്പിനൊരുങ്ങുന്നത്. മുംബൈയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്നാകും ടീമിനെ പ്രഖ്യാപിക്കുക.

ടി20 ലോകകപ്പിനൊപ്പം തന്നെ ജനുവരിയില്‍ നടക്കാനിരിക്കുന്ന ന്യൂസിലന്‍ഡ് പരമ്പരയ്ക്കുള്ള ടീമിനെയും ഇന്നറിയാം. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ന്യൂസിലന്‍ഡ് പര്യടനത്തിലുള്ളത്. ലോകകപ്പിന് മുന്‍പുള്ള ഇന്ത്യയുടെ അവസാന പരമ്പരയായതിനാല്‍, ലോകകപ്പിനായി തിരഞ്ഞെടുക്കപ്പെടുന്ന അതേ ടീമിനെത്തന്നെയാകും ന്യൂസിലന്‍ഡിനെതിരെയും പരീക്ഷിക്കുക. ജനുവരി 11-നാണ് ഈ പരമ്പരയ്ക്ക് തുടക്കമാകുന്നത്.

ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പ് പോരാട്ടത്തില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇടംപിടിച്ചിരിക്കുന്നത്. പാകിസ്ഥാന്‍, യുഎസ്എ, നമീബിയ, നെതര്‍ലന്‍ഡ്‌സ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍. ഫെബ്രുവരി ഏഴിന് യുഎസ്എയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. മാര്‍ച്ച് എട്ടിനാണ് ഫൈനല്‍ നടക്കുക. ഗ്രൂപ്പ് ഘട്ടത്തിലെ പ്രധാന പോരാട്ടമായ ഇന്ത്യ-പാക് മത്സരം ക്രിക്കറ്റ് ലോകം ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണെയും ജിതേഷ് ശര്‍മ്മയെയും തന്നെയാകും ടീമില്‍ ഉള്‍പ്പെടുത്തുക എന്നാണ് സൂചനകള്‍. കഴിഞ്ഞ ലോകകപ്പില്‍ ടീമിലുണ്ടായിരുന്നിട്ടും സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. അതേസമയം, ഋഷഭ് പന്തിനെ ഇത്തവണ പരിഗണിക്കാന്‍ സാധ്യത കുറവാണ്. മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷനെ അവസാന നിമിഷം ടീമിലെടുക്കുമോ എന്നതിലും ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്. റിങ്കു സിങ്ങിന്റെ മടങ്ങിവരവും ആരാധകര്‍ ഉറ്റുനോക്കുന്നു.

അതേസമയം, നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ഫോമില്ലായ്മ ടീം മാനേജ്മെന്റിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. 2025-ല്‍ കളിച്ച 21 ഇന്നിങ്സുകളില്‍ നിന്ന് വെറും 218 റണ്‍സ് മാത്രമാണ് സൂര്യയ്ക്ക് നേടാനായത്. 13.62 എന്ന വളരെ കുറഞ്ഞ സ്‌ട്രൈക്ക് റേറ്റും ഒരു അര്‍ധസെഞ്ച്വറി പോലുമില്ലാത്തതും നായകനെന്ന നിലയില്‍ സൂര്യയ്ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. ഈ ലോകകപ്പിലെ പ്രകടനം സൂര്യയുടെ ക്യാപ്റ്റന്‍ സ്ഥാനം നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമാകും.