DONALD TRUMP| ഇന്ത്യയ്ക്ക് തിരിച്ചടി; തീരുവ കൂട്ടി ട്രംപിന്റെ പകരംവീട്ടല്‍; ഇതോടെ തീരുവ 50% ആയി

Jaihind News Bureau
Wednesday, August 6, 2025

PM Narendra Modi-Donald Trump

ഇന്ത്യക്കെതിരെ വീണ്ടും കടുത്ത നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാണ് ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക തീരുവ ട്രംപ്് ഏര്‍പ്പെടുത്തിയത്. ഇതോടെ 48 മണിക്കൂറിനുള്ളില്‍ ഇന്ത്യക്ക് മേലുള്ള അമേരിക്കന്‍ തീരുവ 50 ശതമാനമായി ഉയരും. ഇതുസംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായിട്ടാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

യുക്രെയ്‌നുമായുള്ള യുദ്ധ പശ്ചാത്തലത്തില്‍ റഷ്യക്ക് മേല്‍ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ റഷ്യയില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തതാണ് അമേരിക്കയെ ഇന്ത്യയ്ക്കു മേല്‍ നിലപാട് കടുപിക്കാന്‍ കാരണമാക്കിയത്. ക്രൂഡ് ഓയില്‍ വാങ്ങുന്നത് വഴി റഷ്യയെ ഇന്ത്യ സഹായിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം.

നേരത്തെ ഇന്ത്യയുടെ ചരക്കുകള്‍ക്ക് അമേരിക്ക 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെയാണ് പുതിയ 25 ശതമാനം അധിക തീരുവ കൂടി് ഏര്‍പ്പെടുത്തിയത്. ഇത് ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.