ചരിത്രം കുറിച്ച് ഇന്ത്യ; ചന്ദ്രയാന്‍ 2 വിക്ഷേപിച്ചു; ആദ്യഘട്ടം വിജയകരം

ചന്ദ്രയാന്‍ 2 ഇന്ത്യ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ‌നിന്ന് 2.43 നായിരുന്നു വിക്ഷേപണം. 23 ദിവസം ചന്ദ്രയാന്‍ ഭൂമിയെ വലംവെക്കും. സെപ്റ്റംബർ ഏഴിന് ചന്ദ്രയാന്‍‌ 2 ചന്ദ്രോപരിതലത്തിലിറങ്ങും. റോക്കറ്റിന്‍റെ സഞ്ചാരം ശരിയായ ദിശയിലാണെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ സാങ്കേതിക തകരാർ മൂലം മാറ്റിവെച്ച വിക്ഷേപണമാണ് ഇന്ന് നടത്തിയത്. ജൂലൈ 15ന് അർധരാത്രിയായിരുന്നു നേരത്തേ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ ജി.എസ്.എൽ.വി. മാർക്ക് 3 M 1 റോക്കറ്റാണ് ചന്ദ്രയാനെയും കൊണ്ട് പറന്നുയര്‍ന്നത്. 20 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു.

അതേസമയം വിക്ഷേപണം കാണാന്‍ പൊതുജനങ്ങള്‍ക്കും ഐ.എസ്.ആര്‍.ഒ അവസരമൊരുക്കിയിരുന്നു. ഓൺലൈൻ റജിസ്ട്രേഷൻ വഴിയായിരുന്നു ഇതിനുള്ള അവസരം ഒരുക്കിയത്. റജിസ്ട്രേഷൻ ആരംഭിച്ച് രണ്ടു മണിക്കൂറിനകം തന്നെ  ഗാലറി നിറഞ്ഞു. 7500 പേര്‍ക്കാണ് ഗാലറിയില്‍ ഇരുന്ന് വിക്ഷേപണം കാണാനുള്ള അവസരം ലഭിച്ചത്.

ചന്ദ്രനെ വലംവെക്കാനുള്ള ഓർബിറ്റർ, ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡർ, അവിടെ സഞ്ചരിക്കാനുള്ള റോവർ എന്നിവയും അതിലെ 11 ഉപകരണങ്ങളുമുൾപ്പെടെ 3,840 കിലോഗ്രാമാണ് പേടകത്തിന്‍റെ ഭാരം. പുറപ്പെടാൻ ഒരാഴ്ച വൈകിയെങ്കിലും ചന്ദ്രനിൽ ഇറങ്ങാൻ കാലതാമസമുണ്ടാകില്ല. നേരത്തേ 54 ദിവസം കൊണ്ടാണ് ചന്ദ്രനിൽ എത്താൻ നിശ്ചയിച്ചിരുന്നത്. പുതിയ പദ്ധതിയനുസരിച്ച് 48 ദിവസം കൊണ്ട് എത്തും. സെപ്തംബർ 6,7 തീയതികളിൽ ലാൻഡറും റോവറും ചന്ദ്രന്‍റെ മണ്ണിലിറങ്ങും.

ഭൂമിയിൽ നിന്ന് 3.84 ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രന്‍റെ 100 കിലോമീറ്റർ വരെ അടുത്ത് ഓർബിറ്റർ എത്തിച്ച ശേഷമായിരിക്കും ലാൻഡറിനെ ഇറക്കുന്നത്. ദൗത്യം വിജയിച്ചാൽ അമേരിക്കയ്ക്ക് ശേഷം ചന്ദ്രന്‍റെ മണ്ണിൽ റോവർ ഇറക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ആദ്യം ഇറങ്ങുന്ന രാജ്യവും ഇന്ത്യയായിരിക്കും.

പുതിയ ഷെഡ്യൂൾ ഇങ്ങനെ :

17 ദിവസം ഭൂമിയിലും പിന്നീട് ചന്ദ്രനിലേക്ക് 5 ദിവസവും ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ 32 ദിവസവും ആയിരുന്നു മുൻ പദ്ധതി. ഇനി ഭൂമിയുടെ ഭ്രമണപഥത്തിൽ 17 ദിവസത്തിന് പകരം 23 ദിവസം ചെലവഴിക്കും. ഈ സമയത്ത് ഭ്രമണപഥം അഞ്ച് തവണ ഉയർത്തി ചന്ദ്രനിലേക്കുള്ള അകലം കുറയ്ക്കും. ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് മാറാനുള്ള സമയം 5 ദിവസത്തിൽ നിന്ന് 7 ദിവസം ആയി ഉയർത്തും. ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ 32 ദിവസത്തിന് പകരം 18 ദിവസം മാത്രമാവും ചെലവഴിക്കുക. മൊത്തം 54 ദിവസത്തിന് പകരം 48 ദിവസത്തിനുള്ളിൽ ചന്ദ്രയാൻ 2 പേടകം ചന്ദ്രനിലെത്തും. ഇത് ഐ.എസ്.ആർ.ഒ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും സെപ്തംബർ 7 നകം ചന്ദ്രയാൻ 2 ലക്ഷ്യത്തിലെത്തുമെന്ന് ചെയർമാൻ ഡോ. കെ ശിവൻ അറിയിച്ചു.

chandrayaan 2
Comments (0)
Add Comment