ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് ആദ്യജയം. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് ആറ് വിക്കറ്റിന്. രോഹിത് ശർമയുടെ സെഞ്ചുറിയുടെ മികവില്‍ ടീം ഇന്ത്യ ലക്ഷ്യം കണ്ടെത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 15 പന്തും ആറു വിക്കറ്റും ബാക്കിനിൽക്കെ വിജയം കൈപ്പിടിയിലൊതുക്കി. ലോകകപ്പിലെ തുടർച്ചയായ മൂന്നാം മൽസരവും തോറ്റ ദക്ഷിണാഫ്രിക്കയുടെ നില കൂടുതൽ പരുങ്ങലിലായി.
മൂന്നാമത്തെ സെഞ്ചുറിയും ഇതുവരെയുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും കുറിച്ച രോഹിത്, 122 റൺസുമായി പുറത്താകാതെനിന്നു. 1 44 പന്തിൽ 13 ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് രോഹിത്തിന്‍റെ ഇന്നിങ്സ്. വെറും ഒരു റണ്ണിൽനിൽക്കെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി കൈവിട്ട പന്തിന് അവര്‍ വന്‍ വില നല്‍കേണ്ടി വന്നു.
സെഞ്ച്വറി പൂർത്തിയാക്കിയതിനു പിന്നാെല ഡേവിഡ് മില്ലറുടെ പിഴ പിന്നെയും രോഹിത്തിനെ തുണച്ചു. ധോണി 46 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 34 റൺസെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാദ രണ്ടും ക്രിസ് മോറിസ്, ആൻഡിൽ പെഹലൂക്‌വായോ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.