2026 ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും; ഗില്ലിന് പകരം സഞ്ജു വരുമോ?

Jaihind News Bureau
Friday, December 19, 2025

 

ടി20 ക്രിക്കറ്റിലെ നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിലേക്ക് ആദ്യ ചുവടുവയ്ക്കുന്നു. 2026 ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 1.30-ന് ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ വാര്‍ത്താസമ്മേളനത്തിലൂടെ ടീമിനെ ഔദ്യോഗികമായി അറിയിക്കും.

അഹമ്മദാബാദില്‍ ദക്ഷിണഫ്രിക്കയ്ക്കെതിരെ ഇന്ന് നടക്കുന്ന അഞ്ചാം ടി20 പോരാട്ടം ടീം പ്രഖ്യാപനത്തിന് മുന്നോടിയായുള്ള അവസാന പരീക്ഷണവേദിയാണ്. കാല്‍വിരലിനേറ്റ പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കില്ലെന്നാണ് സൂചന. ഗില്ലിന്റെ അഭാവം സഞ്ജു സാംസണ് ഓപ്പണര്‍ റോളിലേക്ക് തിരിച്ചുവരാന്‍ വഴിതുറക്കും. ഈ വര്‍ഷം മൂന്ന് ടി20 സെഞ്ചുറികള്‍ നേടി മിന്നും ഫോമിലുള്ള സഞ്ജുവിന്, ഇന്നത്തെ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പിക്കാം.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും ശുഭ്മന്‍ ഗില്ലിന്റെയും മോശം ഫോമാണ് ടീം മാനേജ്‌മെന്റിനെ ആശങ്കപ്പെടുത്തുന്നത്. ഒരു വര്‍ഷമായി ടി20-യില്‍ അര്‍ധസെഞ്ചുറി തികയ്ക്കാന്‍ സൂര്യകുമാറിനായിട്ടില്ല. ഗില്ലാകട്ടെ ഫോം കണ്ടെത്താന്‍ വിഷമിക്കുന്നതിനൊപ്പം പരിക്കും അലട്ടുന്നുണ്ട്. ഗില്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായേക്കുമെന്ന സൂചനകളും ശക്തമാണ്.

ജിതേഷ് ശര്‍മ്മയെ മാറ്റി സഞ്ജു സാംസണെ പ്രധാന കീപ്പറാക്കാനുള്ള സാധ്യതയുണ്ടെങ്കിലും ഋഷഭ് പന്തിന്റെ സാന്നിധ്യം തീരുമാനങ്ങളെ സ്വാധീനിക്കും. ജിതേഷ് ഇതുവരെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടില്ലെന്നത് സഞ്ജുവിന് ഗുണകരമാകും. അതേസമയം, ഇഷാന്‍ കിഷന്‍, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറെല്‍ എന്നിവരും അവസരം കാത്ത് പുറത്തുണ്ട്. കഴിഞ്ഞ ലോകകപ്പിലെന്നപോലെ ഇത്തവണയും റിങ്കു സിംഗ് ടീമില്‍ ഇടംപിടിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച റെക്കോര്‍ഡുണ്ടായിട്ടും ജയ്സ്വാളിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനും സാധ്യത കുറവാണ്.

ലോകകപ്പിന് മുന്നോടിയായി ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയിലും ഇപ്പോള്‍ പ്രഖ്യാപിക്കുന്ന ഇതേ ടീം തന്നെയാകും കളിക്കുക. ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 8 വരെയാണ് ടി20 ലോകകപ്പ്. ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ ഇന്നത്തെ മത്സരം സഞ്ജുവിനും മറ്റ് യുവതാരങ്ങള്‍ക്കും നിര്‍ണ്ണായകമാണ്.