ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്ന്; സഞ്ജു സാംസൺ കളിക്കുമോ?; ഗില്ലിന്റെയും സൂര്യയുടെയും ഫോം നിർണ്ണായകം

Jaihind News Bureau
Wednesday, December 17, 2025

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന ഇന്ത്യയ്ക്ക് നിര്‍ണാ.ക മത്സരം കൂടിയാണിത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ടാകുമോ എന്നതും ക്യാപ്റ്റന്റെയും ഓപ്പണറുടെയും പ്രകടനവും ഇന്ന് വിലയിരുത്തപ്പെടും. രാത്രി 7 മണിക്ക് ലക്‌നൗവിലാണ് മത്സരം നടക്കുക.

നാലാം ടി-20 മത്സരത്തില്‍ എല്ലാവരുടെയും ശ്രദ്ധ മലയാളി താരം സഞ്ജു സാംസണിലേക്കാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ആദ്യ 11 ല്‍ ഇടം നേടാന്‍ കഴിയാതെ പുറത്തിരിക്കുന്ന സഞ്ജുവിന്റെ ടീമിലേക്കുള്ള തിരിച്ചു വരവിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍. അതേസമയം, ഏകദിന, ടെസ്റ്റ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മാന്‍ ഗില്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരുടെ ഭാവിയിലും ഇന്ന് വിലയിരുത്തലുണ്ടാകും. പരമ്പര സ്വന്തമാക്കുക എന്നതിലുപരി, വരാനിരിക്കുന്ന ലോകകപ്പിന് തൊട്ടുമുമ്പ് ഇരുവരുടെയും മോശം ഫോമാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. ധരംശാലയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം നേടിയെങ്കിലും, ഗില്ലിനും സൂര്യകുമാര്‍ യാദവിനും ഫോം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍, നാലാം മത്സരത്തില്‍ ഇന്ത്യ ടീമില്‍ മാറ്റങ്ങള്‍ വരുത്തുമോ, പ്രത്യേകിച്ച് സഞ്ജു സാംസണ് അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ആകാംഷയോടെ ഉറ്റുനോക്കുന്നത്.

നാലാം മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. മൂന്നാം മത്സരത്തില്‍ നിന്ന് പരിക്കുമൂലം വിട്ടുനിന്ന അക്‌സര്‍ പട്ടേല്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍, കുല്‍ദീപ് യാദവിനെ പുറത്തിരുത്തേണ്ടിവരും. കൂടാതെ, വ്യക്തിപരമായ കാരണങ്ങളാല്‍ മൂന്നാം മത്സരത്തില്‍ നിന്ന് വിട്ടുനിന്ന ജസ്പ്രീത് ബുമ്ര തിരിച്ചെത്തുമ്പോള്‍, കഴിഞ്ഞ മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷിത് റാണയും പുറത്താകും.

മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിന് വിശ്രമം നല്‍കി, മലയാളി താരം സഞ്ജു സാംസണെ ഓപ്പണറായി പരീക്ഷിക്കാന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്. ഇനിയും പരാജയപ്പെട്ടാല്‍ ഗില്ലിന്റെ ടി20 ലോകകപ്പ് ടീമിലെ സ്ഥാനം പോലും ചോദ്യചിഹ്നമാകും എന്നതിനാലാണ് ഈ നീക്കം പരിഗണിക്കുന്നത്. എന്നാല്‍, ഈ മത്സരങ്ങളില്‍ സഞ്ജു തിളങ്ങുകയാണെങ്കില്‍, അത് ഗൗതം ഗംഭീറിനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കും. അവസാന രണ്ട് മത്സരങ്ങളില്‍ കൂടി ഗില്ലിനെ കളിപ്പിച്ച ശേഷം അടുത്ത മാസം ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ വിശ്രമം അനുവദിക്കാമെന്ന ഒരു നിര്‍ദേശവും ടീമിന്റെ മുന്നിലുണ്ട്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും ഈ മത്സരം നിര്‍ണായകമാണ്. കഴിഞ്ഞ 20 ടി20 മത്സരങ്ങളിലെ 18 ഇന്നിങ്‌സുകളില്‍ നിന്ന് 213 റണ്‍സ് മാത്രമാണ് സൂര്യ നേടിയത്. മറ്റ് പരീക്ഷണങ്ങള്‍ക്ക് ടീമില്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.