
ന്യൂഡല്‍ഹി: ഇന്ത്യയുടെ കരുത്തും നിശ്ചയദാര്‍ഢ്യവും ലോകത്തിന് മുന്നില്‍ തെളിയിച്ച ദൗത്യമായിരുന്നു ‘ഓപ്പറേഷന് സിന്ദൂര്‍’ എന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഈ സൈനിക നീക്കത്തിലൂടെ പാകിസ്ഥാന് ഉയര്‍ത്തിയിരുന്ന ആണവ ഭീഷണിയെ ഇന്ത്യ ഫലപ്രദമായി തകര്‍ത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര, നാവിക, വ്യോമ സേനകളുടെ ഏകോപിതമായ പ്രവര്‍ത്തനത്തിന്റെ ഉത്തമ ഉദാഹരണമാണ് ഓപ്പറേഷന് സിന്ദൂര്‍. സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയിരുന്നു. ദൗത്യം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും രാജ്യത്തിനെതിരായ ഏത് നീക്കത്തിനും കനത്ത തിരിച്ചടി നല്കാന് ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം താക്കീത് നല്കി. വടക്കന്‍ അതിര്‍ത്തികളില്‍ നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായി അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന അധിക സേനയെ ഇരുരാജ്യങ്ങളും പിന്‍വലിച്ചു. എങ്കിലും സൈന്യം അതീവ ജാഗ്രത തുടരുകയാണ്.
ജമ്മു കശ്മീരില്‍ ഭീകരസംഘടനകളുടെ ശൃംഖല ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ക്കാന്‍ കഴിഞ്ഞു. പാക് അതിര്‍ത്തിക്ക് സമീപം എട്ടോളം ഭീകരപരിശീലന ക്യാമ്പുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഇവ നിരീക്ഷണത്തിലാണെന്നും ആവശ്യമെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും കരസേനാ മേധാവി അറിയിച്ചു.
ആധുനിക യുദ്ധതന്ത്രങ്ങളില്‍ ഡ്രോണുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് സേന സജ്ജമാകുകയാണ്. എല്ലാ കമാന്ഡുകളിലുമായി 5000 ഡ്രോണുകള്‍ തയ്യാറാക്കാനുള്ള ശേഷി നിലവിലുണ്ട്. 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ഡ്രോണുകള്‍ പരീക്ഷിച്ചു കഴിഞ്ഞു. പാകിസ്ഥാന് അയക്കുന്ന ഡ്രോണുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇത്തരം നടപടികള്‍ നിര്‍ത്താന്‍ പാകിസ്ഥാന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.