സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതില്‍ മാറ്റമില്ലെന്ന് ഇന്ത്യ; ഭീകരത അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി സഹകരണമില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Jaihind News Bureau
Tuesday, May 13, 2025

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിനുള്ള പിന്തുണ പാകിസ്ഥാന്‍ ‘വിശ്വസനീയമായ വിധം ഉപേക്ഷിക്കുന്നതുവരെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ച് നിര്‍ത്തിവെക്കുമെന്ന് ഇന്ത്യ. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഓപ്പറേഷന്‍ സിന്ദൂറി’നെ തുടര്‍ന്നുണ്ടായ വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ ഈ നിര്‍ണായക പ്രഖ്യാപനം.

‘സൗഹൃദത്തിന്റെയും ഇന്ത്യയുമായി നല്ല ബന്ധത്തിന്റെയും അടിസ്ഥാനത്തിലാണ് സിന്ധു നദീജല കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍, പതിറ്റാണ്ടുകളായി അതിര്‍ത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പാകിസ്ഥാന്‍ ഈ തത്വങ്ങളെ ലംഘിച്ചു,’ ജയ്സ്വാള്‍ പറഞ്ഞു. ‘ഏപ്രില്‍ 23ലെ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയുടെ (സിസിഎസ്) തീരുമാനപ്രകാരം, അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിനുള്ള പിന്തുണ പാകിസ്ഥാന്‍ വിശ്വസനീയമായും പിന്‍വലിക്കാനാവാത്തവിധം ഉപേക്ഷിക്കുന്നതുവരെ ഇന്ത്യ കരാര്‍ മരവിപ്പിച്ച് നിര്‍ത്തും. കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാപരമായ മാറ്റങ്ങള്‍, സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങള്‍ എന്നിവ പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ശ്രദ്ധിക്കുക,’ വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ 26 പേരെ പോയിന്റ് ബ്‌ളാങ്കില്‍ വെടിവച്ചു കൊന്ന ഭീകരാക്രമണത്തിന് മറുപടിയായാണ്, 1960-ലെ സിന്ധു നദീജല കരാര്‍ ഇന്ത്യ ആദ്യമായി മരവിപ്പിച്ചത്. ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച ഈ കരാര്‍, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നദീജല പങ്കിടലിനെ സംബന്ധിച്ചുള്ളതാണ്. ദേശീയ സുരക്ഷാ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ പരമോന്നത തീരുമാനമെടുക്കുന്ന സമിതിയായ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് (സിസിഎസ്) കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനമെടുത്തത്.

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യന്‍ സായുധ സേന നടത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സിന്ധു നദീജല കരാറിലെ ന്യൂഡല്‍ഹിയുടെ ഉറച്ച നിലപാട് ആവര്‍ത്തിച്ചിരുന്നു. ‘വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല’ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ‘ഭീകരതയും ചര്‍ച്ചകളും ഒരേ സമയം നടക്കില്ല. ഭീകരതയും വ്യാപാരവും ഒരേസമയം നടക്കില്ല. വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല,’ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

സിന്ധു നദീതടത്തിലെ ജലത്തിന്റെ ഉപയോഗം പാകിസ്ഥാന്റെ കാര്‍ഷിക, ജലവൈദ്യുത പദ്ധതികള്‍ക്ക് നിര്‍ണായകമാണ്. കരാര്‍ മരവിപ്പിക്കുന്നത് പാകിസ്ഥാനില്‍ ജലക്ഷാമത്തിനും മറ്റ് പ്രതിസന്ധികള്‍ക്കും കാരണമായേക്കാം. ഇന്ത്യയുടെ ഈ ശക്തമായ നിലപാട് ഭീകരതയെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന സന്ദേശമാണ് അന്താരാഷ്ട്ര സമൂഹത്തിന് നല്‍കുന്നത്.