പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയില്‍ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാന്‍ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഇതോടെ വെള്ളം കയറി.
ഇന്ത്യയുടെ അപ്രതീക്ഷിത നീക്കത്തില്‍ പാകിസ്ഥാന്‍ ഭരണകൂടം ഭയചകിതരായിരിക്കുകയാണ്. മിന്നല്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചിലയിടങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നദീ തീരത്ത് നിന്ന് മാറി താമസിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശവും നല്‍കി. സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്. പാകിസ്ഥാനെതിരെ നയതന്ത്ര തലത്തില്‍ ഇന്ത്യ കനത്ത തിരിച്ചടി തുടരുന്നതിനിടെയാണ് ഉറി ഡാം തുറന്നുവിട്ടുള്ള നിര്‍ണായക നീക്കമുണ്ടായിരിക്കുന്നത്. ഇതിനിടെ, നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം തുടരുകയാണ്. റാംപുര്‍, തുട് മാരി സെക്ടറുകള്‍ക്ക് സമീപം വെടിവെയ്പ് നടന്നതായും പാക് പ്രകോപനത്തിന് ശക്തമായി തിരിച്ചടിച്ചെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഇതിനിടെ, പഹല്‍ഗാം ഭീകരാക്രമണത്തെതുടര്‍ന്ന് ഇന്റലിജന്‍സ് ബ്യൂറോ 14 ഭീകരരുടെ പട്ടിക തയ്യാറാക്കി. ബൈസരനില്‍ ആക്രമണത്തിന് സഹായം നല്‍കിയവരുടെയും നിലവില്‍ സംസ്ഥാനത്തിന് അകത്തുള്ളവരുമായ ഭീകരരുടെ പട്ടികയാണ് തയാറാക്കിയത്. ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. ഇവരുമായി ബന്ധപ്പെട്ടവരെയടക്കം സംസ്ഥാന വ്യാപകമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പട്ടികയില്‍ ചിലരുടെ വീടുകള്‍ ഇതിനോടകം തകര്‍ത്തിട്ടുണ്ട്.
ഇതിനിടെ, ശ്രീനഗറിലും ഭീകരര്‍ക്കായി വ്യാപക തെരച്ചില്‍ തുടരുകയാണ്. അനന്ത് നാഗിനും പുല്‍വാമയ്ക്കും പിന്നാലെയാണ് ശ്രീനഗറില്‍ വ്യാപക തെരച്ചില്‍ ആരംഭിച്ചത്. ഭീകരര്‍ക്ക് സഹായം നല്‍കുന്ന 60 ലധികം പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം, പാകിസ്ഥാന്‍ പ്രകോപനം തുടര്‍ന്നാല്‍ വെടിനിറുത്തല്‍ കരാറില്‍ നിന്ന് പിന്‍വാങ്ങുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. നിയന്ത്രണ രേഖയില്‍ ഏത് സാഹചര്യം നേരിടാനും തയ്യാറെന്നാണ് സേന വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതിനിടെ, പാകിസ്ഥാന്‍ പലയിടത്തും വെടിവയ്പ് തുടരുകയാണ്. ബിഎസ്ഫ് ജവാന്റെ മോചനത്തിന് മൂന്ന് തവണ ഫ്‌ളാഗ് മീറ്റിംഗിന് ശ്രമിച്ചിട്ടും പാകിസ്ഥാന്‍ കടുംപിടിത്തം തുടരുകയാണ്. ഉന്നത നേതൃത്വം ജവാനെ വിടാന്‍ അനുവാദം നല്കിയിട്ടില്ലെന്നാണ് പാക് ജവാന്‍മാര്‍ അറിയിക്കുന്നത്. അതേസമയം, പാകിസ്ഥാന് ശക്തമായ മറുപടി നല്കുക തന്നെ ചെയ്യുമെന്നാണ് ഇന്ത്യയുടെ നിലപാട്.