കശ്മീരിന്റെ ഒരു ഭാഗം നിയമവിരുദ്ധമായി കൈവശം വച്ച ശേഷം സമാധാനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പാക്കിസ്ഥാന്‍ ആവര്‍ത്തിക്കുന്നതായി ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ ചര്‍ച്ചയില്‍ ജമ്മു കശ്മീരിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നതില്‍ പാക്കിസ്ഥാനെ ഇന്ത്യ വിമര്‍ശിച്ചു. സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി അംബാസഡര്‍ പര്‍വ്വതനേനി ഹരീഷാണ് ഈ പരാമര്‍ശങ്ങള്‍ അനാവശ്യമെന്ന് കുറ്റപ്പെടുത്തി. കശ്മിര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. യിരുന്നു, എപ്പോഴും അത് അങ്ങനെ തന്നെയായിരിക്കും ഹരീഷ് ആവര്‍ത്തിച്ചു.
‘ ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശത്തെക്കുറിച്ച് – ജമ്മു കശ്മീരിനെ കുറിച്ച് പാകിസ്ഥാന്‍ പ്രതിനിധി വീണ്ടും അനാവശ്യമായ പരാമര്‍ശങ്ങള്‍ നടത്തിയത് ഇന്ത്യ ശ്രദ്ധിച്ചിട്ടുണ്ട്. അത്തരം ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ അവരുടെ നിയമവിരുദ്ധ അവകാശവാദങ്ങളെ സാധൂകരിക്കുകയോ, അവരുടെ രാജ്യം സ്‌പോണ്‍സര്‍ ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയെ ന്യായീകരിക്കുകയോ ചെയ്യുന്നില്ല,’ ഹരീഷ് പറഞ്ഞു. ‘സങ്കുചിതവും വിഭജനപരവുമായ അജണ്ട’ നടപ്പിലാക്കുന്നതിനായി സഭയുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പാകിസ്ഥാനെ ഉപദേശിച്ചു. ഭീകരതയെ വളര്‍ത്തുന്നതില്‍ പാകിസ്ഥാന്റെ ദീര്‍ഘകാല പങ്കിനെ അദ്ദേഹം സൂചിപ്പിച്ചു. ഭീകരതയുടെ വേരുകള്‍ എവിടെയാണെന്ന് ലോകത്തിന് ഇനി സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന്റെ ഒരു ഭാഗം നിയമവിരുദ്ധമായി പാകിസ്ഥാന്‍ കൈവശപ്പെടുത്തിയിരിക്കുന്നത് തുടരുകയാണെന്നും ആ പ്രദേശത്തു നിന്ന് എത്രയും വേഗം പിന്മാറണമെന്നും ഹരീഷ് ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭാ സമാധാന സേനയുടെ ഭാവിയെക്കുറിച്ചുള്ള സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ചയ്ക്കിടെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക സഹായി സയ്യിദ് താരിഖ് ഫത്തേമി ജമ്മു കശ്മീരിനെക്കുറിച്ച് സംസാരിച്ചത് .