ഇന്ത്യാ -പാക് സംഘര്‍ഷം: സാഹചര്യം പാര്‍ലമെന്ററി സമിതിയ്ക്കു മുന്നില്‍ കേന്ദ്രം വിശദീകരിക്കും ; ഇന്ത്യക്ക് നേരെ പാക് സൈബര്‍ ആക്രമണം വ്യാപകം

Jaihind News Bureau
Tuesday, May 13, 2025

ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള നിലവിലെ സാഹചര്യം സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മെയ് 19ന് പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍ വിശദീകരണം നല്‍കും. കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണം, തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ, വെടിനിര്‍ത്തല്‍ ധാരണ എന്നിവയുള്‍പ്പെടെയുള്ള സംഭവങ്ങളുടെ ക്രമം മിസ്രി സമിതിയെ ധരിപ്പിക്കുമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. നേരത്തെ ബംഗ്ലാദേശ്, കാനഡ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഉള്‍പ്പെടെയുള്ള പ്രാദേശിക, ആഗോള വിഷയങ്ങളില്‍ മിസ്രി സമിതിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്ക് നേരെ 15 ലക്ഷം സൈബര്‍ ആക്രമണങ്ങള്‍

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പാകിസ്ഥാന്‍ പിന്തുണയുള്ള ഹാക്കര്‍ ഗ്രൂപ്പുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്കും സുപ്രധാന അടിസ്ഥാന സൗകര്യ സംവിധാനങ്ങള്‍ക്കും നേരെ 15 ലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങള്‍ നടത്തിയതായി മഹാരാഷ്ട്ര സൈബര്‍ വിഭാഗം അറിയിച്ചു.
വന്‍തോതിലുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നെങ്കിലും, 150 ഓളം ആക്രമണങ്ങള്‍ മാത്രമാണ് വിജയകരമായതെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ സംഘടിത സൈബര്‍ ആക്രമണത്തിന് പിന്നിലുള്ള ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അടുത്തിടെ വെടിനിര്‍ത്തല്‍ ധാരണയുണ്ടായെങ്കിലും, ഇന്ത്യന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഭീഷണി നേരിടുന്നത് തുടരുകയാണ്. ബംഗ്ലാദേശ്, മിഡില്‍ ഈസ്റ്റിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ആക്രമണങ്ങള്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മുംബൈ വിമാനത്താവളം, മുനിസിപ്പല്‍ സംവിധാനങ്ങള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് എന്നിവയില്‍ ഡാറ്റാ ചോര്‍ച്ചയുണ്ടായെന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും മുതിര്‍ന്ന മഹാരാഷ്ട്ര സൈബര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.