ഇന്ത്യ-പാക് സംഘര്‍ഷം: ടെറിട്ടോറിയല്‍ ആര്‍മിയെ സജ്ജമാക്കാന്‍ കരസേനാ മേധാവിക്ക് നിര്‍ദ്ദേശം; വിരമിച്ചവരെ തിരിച്ചു വിളിക്കാനും നീക്കം

Jaihind News Bureau
Friday, May 9, 2025

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വടക്കന്‍, പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍, രാജ്യത്തിന്റെ സൈനിക തയ്യാറെടുപ്പുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ടെറിട്ടോറിയല്‍ ആര്‍മിയെ വിന്യാസത്തിന് സജ്ജമാക്കാന്‍ കരസേനാ മേധാവിക്ക് പ്രതിരോധ മന്ത്രാലയം കൂടുതല്‍ അധികാരം നല്‍കി.

1948-ലെ ടെറിട്ടോറിയല്‍ ആര്‍മി ചട്ടങ്ങളിലെ റൂള്‍ 33 പ്രകാരം 2025 മെയ് 6-ന് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, ടെറിട്ടോറിയല്‍ ആര്‍മിയിലെ എല്ലാ ഉദ്യോഗസ്ഥരെയും മറ്റ് സൈനികരെയും ആവശ്യാനുസരണം കാവല്‍ ഡ്യൂട്ടികള്‍ക്കോ അല്ലെങ്കില്‍ സ്ഥിരം സായുധ സേനയെ പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി പൂര്‍ണ്ണമായി വിന്യസിക്കാനോ കരസേനാ മേധാവിക്ക് സര്‍ക്കാര്‍ അധികാരം നല്‍കിയിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തി കടന്നുള്ള പ്രകോപനങ്ങള്‍ ഇന്ത്യ നേരിടുന്ന ഈ നിര്‍ണ്ണായക സമയത്താണ് ഈ ഉത്തരവ് വരുന്നത്.

നിലവിലുള്ള 32 ഇന്‍ഫന്‍ട്രി ബറ്റാലിയനുകളില്‍ 14 എണ്ണത്തെ ഇന്ത്യന്‍ കരസേനയുടെ സതേണ്‍, ഈസ്റ്റേണ്‍, വെസ്റ്റേണ്‍, സെന്‍ട്രല്‍, നോര്‍ത്തേണ്‍, സൗത്ത് വെസ്റ്റേണ്‍, ആന്‍ഡമാന്‍ നിക്കോബാര്‍, ആര്‍മി ട്രെയിനിംഗ് കമാന്‍ഡ് (ആര്‍ട്രാക്) എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന കമാന്‍ഡുകളിലും വിന്യസിക്കാന്‍ നിര്‍ദ്ദേശം പ്രത്യേകമായി അംഗീകാരം നല്‍കുന്നു.

എങ്കിലും, ബജറ്റ് വിഹിതത്തിന്റെ ലഭ്യതയ്ക്ക് വിധേയമായിരിക്കും ഈ വിന്യാസം. പ്രതിരോധ മന്ത്രാലയം ഒഴികെയുള്ള മന്ത്രാലയങ്ങളിലാണ് വേണ്ടിവരുന്നതെങ്കില്‍, അതിന്റെ ചെലവ് ആ മന്ത്രാലയങ്ങള്‍ വഹിക്കേണ്ടിവരും. 2025 ഫെബ്രുവരി 10 മുതല്‍ 2028 ഫെബ്രുവരി 9 വരെ മൂന്ന് വര്‍ഷത്തേക്കാണ് ഈ ഉത്തരവിന് പ്രാബല്യമുണ്ടായിരിക്കുക.

‘ഓപ്പറേഷന്‍ സിന്ദൂറി’ന് കീഴില്‍ പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ കൃത്യമായ ആക്രമണങ്ങളെത്തുടര്‍ന്ന് വര്‍ധിച്ച സൈനിക പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ അധികാര വിപുലീകരണം.