ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സമ്പൂര്‍ണ്ണ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3.35ന് പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഇന്ത്യയുടെ ഡിജിഎംഒയെ ഫോണില്‍ ബന്ധപ്പെട്ടെന്നും, ഇന്ത്യന്‍ സമയം വൈകുന്നേരം 5 മണി മുതല്‍ കര, വ്യോമ, നാവിക മാര്‍ഗ്ഗങ്ങളിലൂടെയുള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും ഇരുപക്ഷവും നിര്‍ത്തിവയ്ക്കാന്‍ ധാരണയായെന്നും വിക്രം മിസ്രി വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
‘ഇന്ന് ഉച്ചകഴിഞ്ഞ് 3.35ന് പാകിസ്ഥാന് ഡിജിഎംഒ, ഇന്ത്യന്‍ ഡിജിഎംഒയെ വിളിച്ചിരുന്നു. ഇന്ത്യന്‍ സമയം വൈകുന്നേരം 5 മണി മുതല്‍ കരയിലും കടലിലും ആകാശത്തും എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും ഇരുപക്ഷവും നിര്‍ത്താന്‍ അവര്‍ക്കിടയില്‍ ധാരണയായി,’ വിദേശകാര്യ സെക്രട്ടറി മാദ്ധ്യമങ്ങളോടു പറഞ്ഞു. അതിര്‍ത്തിയില്‍ നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്തുന്ന സുപ്രധാന നീക്കമായാണ് ഈ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ കാണുന്നത്.
ഇരുരാജ്യങ്ങളുടെയും സൈനിക മേധാവികള്‍ തമ്മില്‍ നേരിട്ട് നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് ഈ തീരുമാനമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത് . ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ‘ഓപ്പറേഷന് സിന്ദൂര്‍’ എന്ന പേരില്‍ പ്രത്യാക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ ആക്രമണ ശ്രമങ്ങളുണ്ടായതായും, ഇതിന് മറുപടിയായി ഇന്ത്യ പാക് വ്യോമതാവളങ്ങളില്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഇരു ഡിജിഎംഒമാരും തമ്മില്‍ ചര്‍ച്ച നടത്തുകയും വെടിനിര്‍ത്തലിന് ധാരണയാവുകയും ചെയ്തത്. ഈ തീരുമാനം മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് കരുത്തേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര തലത്തിലും ഈ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ ഇരുരാജ്യങ്ങളും പൂര്‍ണ്ണമായി പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും, അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇത് വഴിയൊരുക്കുമെന്നും നയതന്ത്ര വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.