ട്വന്‍റി 20 യിലും ആധിപത്യമുറപ്പിക്കാൻ ഇന്ത്യ; ന്യൂസിലന്‍റിനെതിരായ പരമ്പരയ്ക്ക് ഇന്ന് തുടക്കം

മിന്നും പരമ്പര നേട്ടത്തിന് ശേഷം ട്വന്‍റി 20 യിലും ആധിപത്യമുറപ്പിക്കാൻ ന്യൂസിലന്‍റിനെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും.  മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം വെല്ലിംഗ്ടണിൽ വെച്ചാണ്. നാലാം ഏകദിനം മുതൽ കോഹ്ലിക്കു വിശ്രമം നൽകിയതിനാൽ രോഹിത് ശർമയാണ് ടീമിനെ നയിക്കുന്നത്.

വിദേശമണ്ണിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ന്യൂസിലന്‍റിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യ കാഴ്ച്ചവെച്ചത്. മികച്ച പ്രകടനങ്ങൾക്ക് സാക്കഷിയായ പരമ്പരയിൽ 4 എണ്ണം ഇന്ത്യ ജയിച്ചപ്പോൾ ഒരു മത്സരം മാത്രമാണ് കിവികൾക്ക് അനുകൂലമായത്. ലോകകപ്പിലേക്കുള്ള ഒരുക്കം കൂടിയായി പരമ്പര നേട്ടം. അതേസമയം ട്വന്‍റി 20 പരമ്പര ഇന്ത്യ ശ്രദ്ധയോടെ തന്നെ വേണം നേരിടാൻ.
ന്യൂസിലൻഡിൽ ഒറ്റ ട്വന്‍റി 20 മത്സരം പോലും ഇന്ത്യ ജയിച്ചിട്ടില്ല. 2009ൽ മാത്രമാണ് കളിക്കാനിറങ്ങിയത്.  അന്ന് രണ്ടു കളിയും ഇന്ത്യ തോറ്റിരുന്നു.

കോഹ്ലിക്കു പകരം യുവതാരം ശുഭ്മാൻ ഗിൽ മൂന്നാം നമ്പറിൽ ഇറങ്ങും. ലോകേഷ് രാഹുലും ടീമിൽ ഇല്ലാത്ത സാഹചര്യത്തിൽ ഗിൽ കളിക്കുമെന്ന് ഉറപ്പാണ്. ഏകദിനത്തിൽ കിട്ടിയ രണ്ട് അവസരത്തിലും ഗില്ലിന് തിളങ്ങാനായില്ല.
ഋഷഭ് പന്തിനും ഇത് മികച്ച അവസരമാണ്. ഏകദിന ടീമിൽ ഇല്ലാത്ത പന്തിന് മികച്ച കളി പുറത്തെടുത്താൽ ലോകകപ്പ് ടീമിൽ ഇടം പ്രതീക്ഷിക്കാം. ക്യാപ്റ്റൻ രോഹിത് ശർമ, ശിഖർ ധവാൻ എന്നിവരാണ് ബാറ്റിങ്‌നിരയുടെ കരുത്ത്. രോഹിതിനു കീഴിൽ 12 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്.

ന്യൂസിലൻഡ്‌ നിരയിൽ കൂറ്റനടിക്കാരൻ മാർട്ടിൻ ഗുപ്റ്റിൽ ഇല്ല. പേസർ ട്രെന്റ് ബോൾട്ടുമില്ല. ഒരുകൂട്ടം ഓൾ റൗണ്ടർമാരാണ് കിവികളുടെ ശക്തി. ജെയിംസ് നീഷം, കോളിൻ ഡി ഗ്രാൻഡ്‌ഹോം, മിച്ചെൽ സാന്റ്‌നെർ എന്നിവർ ട്വന്റി–20യിൽ മികവുകാട്ടുന്നവരാണ്. നീഷം അവസാന ഏകദിനത്തിൽ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തിരുന്നു. ഓപ്പണർ കോളിൻ മൺറോയാണ് അപകടകാരി. ഓപ്പണിങ്‌നിരയിൽ മൺറോയ്‌ക്കൊപ്പം ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഇറങ്ങും.
ഉച്ചയ്ക്ക് 12 30 നാണ് മത്സരം

India vs NewzealandT20
Comments (0)
Add Comment