‘ഇന്ത്യക്ക് ഓക്സിജന്‍ നല്‍കണം’ ഇമ്രാന്‍ ഖാനോട് പാക് ജനത ; ശ്രദ്ധേയമായി സമൂഹമാധ്യമ ക്യാമ്പെയ്ന്‍

Jaihind Webdesk
Saturday, April 24, 2021

ലഹോർ : ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിവേഗതയില്‍ തുടരുമ്പോള്‍ ഓക്സിജന്‍ ദൌർലഭ്യം സൃഷ്ടിക്കുന്ന പ്രതിസന്ധി വളരെ വലുതാണ്. ഓക്സിജന്‍ ലഭിക്കാതെ നിരവധി കൊവിഡ് രോഗികളാണ് രാജ്യത്ത് ഇതിനകം മരണമടഞ്ഞത്. ഇന്ത്യക്ക് ഓക്സിജന്‍ ലഭ്യമാക്കാനായി നിരവധി രാജ്യങ്ങള്‍ മുന്നോട്ടുവരുന്നുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായതാണ് പാകിസ്ഥാനിലെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ക്യാമ്പെയ്ന്‍. ഇന്ത്യക്ക് ഓക്സിജന്‍ നല്‍കണമെന്ന് തങ്ങളുടെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെടുകയാണ് പാക് പൌരന്മാർ.

ഇന്ത്യ നീഡ്സ് ഓക്സിജന്‍ എന്ന ഹാഷ് ടാഗ് ക്യാമ്പെയ്നാണ് ട്വിറ്റർ ട്രെന്‍ഡിംഗായിരിക്കുന്നത്. ഓക്സിജൻ പ്രതിസന്ധിയിൽ ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് വരണമെന്നാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ഇവർ ആവശ്യപ്പെടുന്നത്. ക്യാമ്പെയ്ന് പിന്നാലെ പാകിസ്ഥാനിലെ നിരവധി സംഘടനകള്‍ ഇന്ത്യക്ക് ഓക്സിജന്‍ നല്‍കാനായി മുന്നോട്ടുവന്നിട്ടുണ്ട്.

നിലവില്‍ ഇന്ത്യയില്‍ ഓക്സിജന്‍റെ ദൌർലഭ്യം രാജ്യത്ത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിനോടകം നിരവധി കൊവിഡ് രോഗികള്‍ക്ക് പ്രാണവായു ഇല്ലാതെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥയുണ്ടായത് നൊമ്പരവും ഒപ്പം ഭീതിയും സൃഷ്ടിച്ചിട്ടുണ്ട്. ഒരു സാധാരണ രോഗിക്ക് ഓരോമിനിറ്റിലും അഞ്ചുമുതൽ ആറ് ലിറ്റർ വരെയും കൊവിഡ് രോഗികൾക്ക് 60 ലിറ്റർ വരെയും ഓക്സിജനും ആവശ്യമുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ഹരിയാണ, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മെഡിക്കൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. 20 സംസ്ഥാനങ്ങൾക്ക് 6786 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ അനുവദിച്ചെന്നാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം അവകാശപ്പെട്ടത്. എന്നാൽ, രാജ്യതലസ്ഥാനത്ത് പോലും ഓക്സിജൻ ലഭ്യത പ്രതിസന്ധിയിലാണെന്നതാണ് യാഥാർത്ഥ്യം.

റഷ്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് 50,000 ടൺ ഓക്സിജൻ ഇറക്കുമതി ചെയ്യാന്‍ നീക്കമുണ്ട്. റഷ്യയിൽ നിന്ന് ഓക്സിജൻ എത്തിക്കാൻ നാവികസേനയുടെ കപ്പലുകൾ അയയ്ക്കും. റെംഡിസിവിർ മരുന്നും റഷ്യ നൽകും. മറ്റ് രാജ്യങ്ങളില്‍ നിന്നും ഓക്സിജൻ ഉൽപാദന ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ വ്യോമസേനയുടെ ചരക്കുവിമാനങ്ങൾ അയച്ചു. ഒരു മിനിറ്റിൽ 40 ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള 23 ഉപകരണങ്ങൾ ജർമനിയിൽ നിന്നെത്തിക്കാനും നടപടികള്‍ ആരംഭിച്ചു.

 

*RepresentationalImages