പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി ; ബെല്‍ജിയത്തിന്‍റെ ജയം 5-2 ന് ; ഇന്ത്യക്ക് ഇനി വെങ്കല മെഡല്‍ പോരാട്ടം

Jaihind Webdesk
Tuesday, August 3, 2021

ടോക്യോ : ഒളിമ്പിക്സ് പുരുഷ വിഭാഗം ഹോക്കി സെമിയില്‍ ഇന്ത്യക്ക് തോല്‍വി. ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ബെല്‍ജിയത്തോട് അഞ്ചിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി. സെമിയില്‍ തോല്‍വി വഴങ്ങിയെങ്കിലും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ ഇനിയും സജീവമാണ്. വെങ്കല മെഡലിനായി ഇന്ത്യക്ക് മത്സരിക്കാം.

2-1 എന്ന നിലയില്‍ ലീഡ് എടുത്തതിന് ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഒരു ഘട്ടത്തില്‍ ഇന്ത്യ വിജയപ്രതീക്ഷ  നിലനിര്‍ത്തിയെങ്കിലും തകർപ്പന്‍ തിരിച്ചുവരവിലൂടെ ബെല്‍ജിയം മത്സരം തട്ടിയെടുക്കുകയായിരുന്നു. ബെല്‍ജിയത്തിനായി അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സ് ഹാട്രിക്ക് നേടിയപ്പോൾ നേടിയപ്പോള്‍ ഫാനി ലൂയ്‌പേര്‍ട്ടും ജോണ്‍ ഡോഹ്മെനും ഓരോ ഗോള്‍ വീതം നേടി. ഇന്ത്യയ്ക്ക് വേണ്ടി മന്‍പ്രീത് സിംഗും ഹര്‍മന്‍ പ്രീത് സിംഗുമാണ് ഗോള്‍ നേടിയത്. ഇനി ഇന്ത്യക്ക് മുന്നില്‍ വെങ്കല മെഡലെന്ന ലക്ഷ്യമാണുള്ളത്. വെങ്കല മെഡലിനായുള്ള മത്സരത്തില്‍  ഓസ്‌ട്രേലിയ-ജര്‍മനി മത്സരത്തില്‍ പരാജയപ്പെടുന്ന ടീമിനെ ഇന്ത്യ നേരിടും.

മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ ബെല്‍ജിയമാണ് ആദ്യ ഗോള്‍ നേടിയത്.  പെനാല്‍റ്റി കോര്‍ണറില്‍ ഫാനി ലൂയ്‌പേര്‍ട്ടാണ് ഗോള്‍ നേടിയത്. 11-ാം മിനിറ്റില്‍ ഇന്ത്യ ഗോള്‍ മടക്കി. പെനാല്‍റ്റി കോര്‍ണറിലൂടെ ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്.  തുടർന്ന് 13-ാം മിനിറ്റില്‍ വീണ്ടും ഗോള്‍ നേടി ഇന്ത്യ ബെല്‍ജിയത്തെ ഞെട്ടിച്ചു. 31-ാം മിനിറ്റില്‍ ഹെന്‍ഡ്രിക്സ് വീണ്ടും കളം നിറഞ്ഞു. സ്കോർ 2-2.

ഹാഫ് ടൈമിന് ശേഷം ബെല്‍ജിയം മൂന്നാമത്തെ തവണയും ഇന്ത്യന്‍ ഗോള്‍ വല കുലുക്കി. ഇത്തവണയും അലക്സാണ്ടർ ഹെന്‍ഡ്രിക്സ് തന്നെയാണ് ഗോള്‍ നേടിയത്. സ്കോർ ഇന്ത്യ-2 ബെല്‍ജിയം – 3.  ഒമ്പത് മിനിട്ടിന് ശേഷം ബെല്‍ജിയന്‍ ഗോള്‍ മെഷീന്‍ ഹെന്‍ഡ്രിക്സ്, അടുത്ത ഗോളിനൊപ്പം ഹാട്രിക് നേട്ടവും സ്വന്തം പേരില്‍ കുറിച്ചു. സ്കോർ : ഇന്ത്യ-2 ബെല്‍ജിയം – 4. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ബെല്‍ജിയത്തിന്‍റെ ജോണ്‍ ഡോഹ്മെന്‍ അഞ്ചാമത്തെ ഗോളും നേടി ഇന്ത്യയെ 2-5 എന്ന നിലയിലെത്തിച്ചു.  ഇതോടെ ബെല്‍ജിയം വിജയമുറപ്പിച്ച് ടോക്യോ ഒളിമ്പിക്സ് ഹോക്കി ഫൈനലിലേക്ക് മുന്നേറി.