Donald Trump| ഇന്ത്യ ഏറ്റവും കൂടുതല്‍ ചുങ്കം ചുമത്തുന്ന രാജ്യം; വ്യാപാര ബന്ധം ഏകപക്ഷീയമായ ദുരന്തമെന്ന് ആവര്‍ത്തിച്ച് ട്രംപ്

Jaihind News Bureau
Wednesday, September 3, 2025

 

ഇന്ത്യ ഏറ്റവും കൂടുതല്‍ ചുങ്കം ചുമത്തുന്ന രാജ്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാനാകാത്ത സ്ഥിതിയെന്നും. അമിത ചുങ്കം പിരിക്കുന്നത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ‘ഏകപക്ഷീയമായ ദുരന്തം’ ആണെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കിടയിലാണ് ട്രംപിന്റെ പുതിയ പ്രസ്താവന.

ഇന്ത്യ, യുഎസില്‍ നിന്ന് വളരെ കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ മാത്രമേ വാങ്ങുന്നുള്ളൂവെന്നും എന്നാല്‍ യുഎസിലേക്ക് വന്‍തോതില്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു. ‘വര്‍ഷങ്ങളായി ഈ ബന്ധം ഏകപക്ഷീയമാണ്. ലോകത്ത് ഏറ്റവും ഉയര്‍ന്ന തീരുവ ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ,’ ട്രംപ് പറഞ്ഞു.

വ്യാപാര തര്‍ക്കങ്ങള്‍ക്ക് പുറമെ, റഷ്യയില്‍ നിന്ന് എണ്ണയും സൈനിക ഉല്‍പ്പന്നങ്ങളും വാങ്ങുന്ന ഇന്ത്യയുടെ നിലപാടിനെയും ട്രംപ് വിമര്‍ശിച്ചു. ഇന്ത്യ റഷ്യയില്‍ നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങി അത് സംസ്‌കരിച്ച് യൂറോപ്പിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ഉയര്‍ന്ന വിലയ്ക്ക് വിറ്റ് ലാഭമുണ്ടാക്കുന്നതായി ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ ആരോപിച്ചിരുന്നു. ഇത് റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് സഹായകരമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റഷ്യന്‍ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി യുഎസ് ഭരണകൂടം അടുത്തിടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ അധിക തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചിരുന്നു. ഈ തീരുവകള്‍ ഇന്ത്യന്‍ കയറ്റുമതിയെ, പ്രത്യേകിച്ച് തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.