‘ഇന്ത്യ പ്രധാനമന്ത്രിയുടെ തറവാട്ടുസ്വത്തല്ല’; ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത സർക്കാരെന്ന് പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Tuesday, April 11, 2023

 

കല്‍പ്പറ്റ/വയനാട്: ഇന്ത്യ പ്രധാനമന്ത്രിയുടെ തറവാട്ടു സ്വത്തല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യത്തിന്‍റെ ജനാധിപത്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ജനതയ്ക്ക് വന്നിരിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി വയനാട് പറഞ്ഞു. വയനാട്ടിലെ ജനങ്ങൾക്ക് താങ്ങായി കഴിഞ്ഞ 4 വർഷം രാഹുൽ ഗാന്ധി ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന് പ്രതിസന്ധി വന്നപ്പോൾ ഒപ്പം നിൽക്കാൻ വയനാട്ടുകാർ തയാറായെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണ് ഭരണാധികാരികൾ രാഹുല്‍ ഗാന്ധിയുടെ ശബ്ദത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. അദാനിക്ക് വേണ്ടി പ്രധാനമന്ത്രിയും ഭരണകൂടവും രാജ്യത്തിന്‍റെ അഭിമാന സ്തംഭങ്ങൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമയമില്ലാത്ത പ്രധാനമന്ത്രിക്ക് അദാനിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമയമുണ്ട്. സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനും ചോദ്യങ്ങൾ ചോദിക്കാനും വിയോജിക്കാനുമുള്ള അവകാശമാണ് ഭരണഘടന നൽകിയിട്ടുള്ളതെന്നും പ്രിയങ്കാ ഗാന്ധി കൽപ്പറ്റയിൽ പറഞ്ഞു.

ജനങ്ങളോടുള്ള പ്രതിബദ്ധത കേന്ദ്ര സർക്കാരിന് നഷ്ടപ്പെട്ടെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാൻ സർക്കാർ ശ്രമിച്ചപ്പോൾ വയനാടൻ ജനത രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഒന്നടങ്കം പ്രതികരിച്ചു. ഇത് ഒരു വ്യക്തിയുടെ പ്രശ്നമല്ല എന്നത് വയനാട്ടുകാർ തിരിച്ചറിഞ്ഞെന്നും പ്രിയങ്ക പറഞ്ഞു.