ഇന്ത്യക്കാരുടെ മടങ്ങിവരവ് ഉറപ്പാക്കണം; താലിബാനുമായി ചർച്ച നടത്തി ഇന്ത്യ

Jaihind Webdesk
Tuesday, August 31, 2021

താലിബാനുമായി ഇന്ത്യ ചർച്ച നടത്തി. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ദോഹയിലെ താലിബാന്‍റെ പ്രതിനിധി ഷേര്‍ മുഹമ്മദ് അബ്ബാസുമായാണ് ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ വെച്ച് കൂടിക്കാഴ്ച നടന്നത്. താലിബാന്‍റെ ആവശ്യപ്രകാരമാണ് ചര്‍ച്ച നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഖത്തർ സ്ഥാനപതി ദീപക് മിത്തലാണ് താലിബാന്‍ പ്രതിനിധി ഷേർ മുഹമ്മദ് അബ്ബാസുമായി ചർച്ച നടത്തിയത്. അഫ്ഗാനില്‍നിന്നുള്ള ഇന്ത്യക്കാരുടെ മടങ്ങിവരവ്, സുരക്ഷ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭീകരവാദികൾ അഫ്ഗാൻ താവളമാക്കരുതെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. ഇപ്പോഴും അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന ഇരുപതോളം ഇന്ത്യക്കാരുടെ മടങ്ങിവരവ് ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

അഫ്ഗാനിലെ ന്യൂനപക്ഷമായ സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിന് അനുമതി നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അഫ്ഗാന്‍ മണ്ണ് ഇന്ത്യാ വിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് താവളമാകരുതെന്ന മുന്നറിയിപ്പും ഇന്ത്യ നല്‍കി. ഇതെല്ലാം അനുകൂലമായി പരിഗണിക്കുമെന്ന് താലിബാന്‍ പ്രതിനിധി വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിനു ശേഷം നടക്കുന്ന ആദ്യ ചര്‍ച്ചയാണിത്.