
ന്യൂഡല്‍ഹി: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയിയുടെ മരണത്തില്‍ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അനുശോചന പുസ്തകത്തില്‍ ഒപ്പിട്ടു. ശനിയാഴ്ച നടന്ന സൈനിക നീക്കത്തിന് ശേഷം വിഷയത്തില്‍ ഇന്ത്യ നടത്തുന്ന ആദ്യ ഔദ്യോഗിക പ്രതികരണമാണിത്. 1989 മുതല്‍ ഇറാന്റെ ഭരണാധികാരിയായിരുന്ന ഖമനെയി അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ അതീവ ജാഗ്രതയോടെയുള്ള നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. അലി ഖമനെയിയുടെ മരണത്തില്‍ ഔദ്യോഗിക പ്രസ്താവനകള്‍ നടത്താനോ ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിശേഷിപ്പിക്കാനോ ഇന്ത്യ തയ്യാറായില്ല. സംഘര്‍ഷം ലഘൂകരിക്കാന്‍ എല്ലാ കക്ഷികളും ഉടന്‍ തയ്യാറാകണമെന്ന പൊതുവായ നിലപാടാണ് ഇന്ത്യ ആവര്‍ത്തിക്കുന്നത്.
ഖമനെയിയുടെ മരണം ശനിയാഴ്ച രാത്രി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ ലോകത്തെ അറിയിച്ചത്. ‘ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരില് ഒരാള്‍ മരിച്ചിരിക്കുന്നു’ എന്ന് ട്രംപ് കുറിച്ചു. ഇറാനിലെ ജനങ്ങള്‍ക്ക് രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്നും, ഖമനെയിയുടെ മരണം അമേരിക്കക്കാര്‍ക്കും ഇറാനികള്‍ക്കും ലോകമെമ്പാടുമുള്ള ഖമനെയിയുടെ ഇരകള്‍ക്കും ലഭിച്ച നീതിയാണെന്നും ട്രംപ് അവകാശപ്പെട്ടു.