‘അങ്ങയെപ്പോലെ ഒരു പ്രധാനമന്ത്രിയുടെ അഭാവം രാജ്യത്ത് അറിയാനുണ്ട്’ ; മന്‍മോഹന്‍ സിംഗിന് പിറന്നാള്‍ ആശംസകള്‍ നേർന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Saturday, September 26, 2020

ന്യൂഡല്‍ഹി : ഡോ. മന്‍മോഹന്‍ സിംഗിനെ പോലെ കഴിവുറ്റ ഒരു പ്രധാനമന്ത്രിയുടെ കുറവ് രാജ്യത്ത് അനുഭവപ്പെടുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് പിറന്നാളാശംസകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമർശം.

‘ഡോ. മന്‍മോഹന്‍ സിംഗിനെപ്പോലെ കഴിവുള്ള ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യയില്‍ അനുഭവപ്പെടുന്നു. അദ്ദേഹത്തിന്‍റെ സത്യസന്ധതയും, മാന്യതയും അര്‍പ്പണബോധവും എല്ലാവര്‍ക്കും പ്രചോദനമാണ്’ – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

‘ഉയർച്ചയിലേക്കുള്ള യാത്രയിൽ അദ്ദേഹം ഒരു ജനതയെയും ഒപ്പം കൂട്ടി. ഏറ്റവും പ്രഗത്ഭരായ ലോകനേതാക്കളിൽ ഒരാളായ ഡോ. മൻ‌മോഹൻ സിംഗിന്‍റെ കാഴ്ചപ്പാട് വിട്ടുവീഴ്ചയില്ലാത്തതാണ്. രാജ്യത്തെ മുന്നോട്ട് നയിച്ചതിന് എന്നെന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു’ – കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ഇതോടൊപ്പം മന്‍മോഹന്‍ സിംഗിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന വീഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടു.