ഇത് സംഘടിതമായ കൊള്ളയും, നിയമവിധേയമായ പിടിച്ചുപറിയും കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി; മന്‍മോഹന്‍സിങിന്റെ മുന്നറിയിപ്പിനെ അവഗണിച്ച കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ എത്തിച്ചത് ദുരിതക്കയത്തില്‍

Jaihind News Bureau
Sunday, August 25, 2019

രാജ്യം ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിന്റെ വെളിപ്പെടുത്തല്‍ ചോദ്യം ചെയ്യുന്നത് മോദി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളെ. മോദി സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങളൊക്കെയും രാജ്യത്തെയും ജനങ്ങളെയും എരിതീയിലേക്കാണ് എറിഞ്ഞിരിക്കുന്നതെന്നാണ് ഈ ദിവസങ്ങളില്‍ വരുന്ന കണക്ക്. നോട്ട് നിരോധനവും ജി.എസ്.ടിയും ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് രാജ്യത്തിന് കരകയറാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഗ്രാമീണ മേഖലയില്‍ അതിരൂക്ഷമായ തൊഴിലില്ലായ്മയാണ്.

കെട്ടിട നിര്‍മ്മാണവും ബാങ്കിങ് മേഖലയും ചെറുകിട വ്യവസായങ്ങളും തുടങ്ങി ബിസ്‌ക്കറ്റ് കമ്പനികള്‍ക്കും അടിവസ്ത്ര നിര്‍മ്മാണ കമ്പനികളും വരെ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. മേക്ക് ഇന്‍ ഇന്ത്യ അടപടലം പാളിയെന്ന് വ്യവസായ പ്രമുഖര്‍ തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
പത്ത് വര്‍ഷത്തിനിടെ ഏറ്റവും മോശമായ നിലയിലാണ് രാജ്യത്തെ ഓട്ടോമൊബൈല്‍ രംഗം. മൂന്ന് ലക്ഷത്തോളം പേരുടെ തൊഴിലാണ് ഓട്ടോമൊബൈല്‍ രംഗത്ത് നഷ്ടമായത്. അഞ്ച് രൂപ ബിസ്‌ക്കറ്റിന്റെ വില്‍പ്പനയില്‍ പോലും വലിയ ഇടിവ് നേരിട്ടെന്ന് പ്രമുഖ ബിസ്‌ക്കറ്റ് നിര്‍മ്മാണ കമ്പനിയായ പാര്‍ലെ വ്യക്തമാക്കുന്നു.
ഇന്ന് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഈ അസാധാരണമായ അവസ്ഥയെ മൂന്ന് വര്‍ഷം മുന്‍പ് ഒരു പ്രവചനം പോലെ പറഞ്ഞത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങായിരുന്നു. നോട്ട് നിരോധനം സംബന്ധിച്ച പാര്‍ലമെന്റ് ചര്‍ച്ചയിലാണ് മന്‍മോഹന്‍സിങ് ഈ പ്രവചനം.

നോട്ട് നിരോധനം രാജ്യത്തെ കാര്‍ഷിക മേഖലയെ സാരമായി ബാധിക്കും. ചെറുകിട വ്യവസായങ്ങളെ പ്രതിസന്ധിയിലാഴ്ത്തും. ഗ്രാമീണ മേഖലയിലെ പണമിടപാടുകളെ തളര്‍ത്തും. ഇതുമൂലം നമ്മുടെ ജിഡിപിയില്‍ 2 ശതമാനത്തിന്റെയെങ്കിലും ഇടിവുണ്ടാവും. ഇത് ഒട്ടും കൂടിയ ഒരു കണക്കല്ല. മറിച്ച് കുറഞ്ഞ കണക്കാണ്. എന്നായിരുന്നു മന്‍മോഹന്‍ സിങ് പറഞ്ഞത്.

നോട്ട് നിരോധനം സംഘടിതമായ കൊള്ളണ്. ഇത് മൂലം ജനങ്ങള്‍ക്ക് കറന്‍സിയിലും ബാങ്കിങ് സിസ്റ്റത്തിലും ഉള്ള വിശ്വാസം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്ന് മന്‍മോഹന്‍ സിങ് പറഞ്ഞ അതേ വിശ്വാസ തകര്‍ച്ച പൂര്‍ണമായി എന്നത് ഔദ്യോഗിമായി സ്ഥിരീകരിക്കുകയാണ് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍.
എന്നാല്‍ മന്‍മോഹന്‍ സിങിന്റെ ഈ പാര്‍ലമെന്റ് പ്രസംഗത്തെ പരിഹസിക്കാനാണ് പ്രധാനമന്ത്രി മോദി അന്ന് ശ്രമിച്ചത്. ‘രാഷ്ട്രീയ നേതാക്കള്‍ക്ക് മന്‍മോഹന്‍ സിങില്‍ നിന്ന് വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ട്. മന്‍മോഹന്‍ സിങിന്റെ കാലത്ത് ഇത്രയധികം അഴിമതി ആരോപണങ്ങള്‍ ഉണ്ടായിട്ടും അതിന്റെയൊന്നും കറ അദ്ദേഹത്തിന് മുകളില്‍ ഉണ്ടായില്ല. കുളിക്കുന്ന സമയത്ത് മഴക്കോട്ട് ധരിച്ച കലയില്‍ അദ്ദേഹം മാസ്റ്ററായിരുന്നു. മറ്റാര്‍ക്കും അങ്ങനെയൊരു കഴിവ് ഉണ്ടായിരുന്നില്ല’ ഇതായിരുന്നു മോദിയുടെ പരിഹസം. ആ വീഡിയോ കാണാം.
മോദിയുടെ ഈ പാര്‍ലമെന്റ് പരിഹാസ പ്രസംഗത്തോട് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാതെ നിശബ്ദനായി നടന്നുപോകുന്ന മന്‍മോഹന്‍സിങിന്റെ ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തിലും പാര്‍ലമെന്റില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ മന്‍മോഹന്‍ സിങ് ആവര്‍ത്തിച്ച് ഉറപ്പിച്ചു.
99 ശതമാനം നോട്ടുകളും ബാങ്കിലേക്ക് തിരികെയെത്തിയപ്പോള്‍ നികുതി ലഭ്യത കൂടിയതും കാഷ് ലെസ് എക്കണോമിയുടെ മഹിമയും പറഞ്ഞാണ് മോദിയും മുന്‍ ധനകാര്യമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയും നേരിട്ടത്. എന്നാല്‍ പാര്‍ലമെന്റിലെ മോദിയുടെ ‘ബാത്ത്‌റൂം റെയിന്‍കോട്ട്’ പരിഹാസ പ്രസംഗത്തെ ബെഞ്ചിലടിച്ച് പിന്തുണയര്‍പ്പിച്ചവര്‍ പോലും ഇന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ എങ്ങനെ കരകയറ്റുമെന്ന കാര്യത്തില്‍ പകച്ചുനില്‍ക്കുകയാണ്.