രാജ്യത്ത് 48,786 പുതിയ രോഗികൾ ; 5,23,257 പേർ ചികിത്സയില്‍

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് രോഗബാധിതർ കുറയുന്നു. 24 മണിക്കൂറിനിടെ 48, 786 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 61,588 പേർ രോഗമുക്തരായി. 2.54 ശതമാനമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. 5,23,257 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുന്നതിന് മുമ്പ് തന്നെ പരമാവധിപ്പേർക്ക് വാക്സിനേഷൻ നടത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശം നൽകി. വാക്സിനേഷൻ ത്വരിതപ്പെടുത്തണമെന്നും, വാക്സീൻ വിമുഖത മാറ്റാൻ പ്രചാരണം ശക്തമായി നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താനും കേന്ദ്ര മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം നിർദ്ദേശിച്ചു.

അതിനിടെ കൊവിഡ് വാക്സിനായ കൊവോവാക്സിന് കുട്ടികളിലെ ട്രയലിന് അനുമതി നൽകിയില്ല. 2 മുതൽ 17 വയസുവരെയുള്ള കുട്ടികളിലെ പരീക്ഷണത്തിനായിരുന്നു കൊവോവാക്സിൻ അനുമതി തേടിയത്. ഇത് പരിശോധിച്ച് വിദഗ്തസമിതി തള്ളുകയായിരുന്നു. അതേ സമയം കൊവിഡ് വൈറസിനെതിരായ അടിയന്തര ഉപയോഗത്തിന് സൈകോവ്-ഡി വാക്സീൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയോട് അനുമതി തേടിയിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേരിൽ ക്ലിനിക്കൽ ‌ട്രയൽ നടത്തിയ സൈകോവ്-ഡി വാക്സീൻ പന്ത്രണ്ട് വയസിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്കും നൽകാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

 

Comments (0)
Add Comment