രാജ്യത്ത് 44,658 പുതിയ കൊവിഡ് കേസുകള്‍ ; 496 മരണം ; 67% രോഗികളും കേരളത്തില്‍

Friday, August 27, 2021

ന്യൂഡൽഹി : രാജ്യത്ത് 44,658 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത്. മരണം 496. പ്രതിദിന കൊവിഡ് കണക്കിൽ മൂന്നിൽ രണ്ടും മരണസംഖ്യയിൽ മൂന്നിലൊന്നും കേരളത്തിൽ നിന്നാണ്. ടിപിആർ ബുധനാഴ്‌ച 19.03 ശതമാനമായിരുന്നത് വ്യാഴാഴ്‌ച 18.04 ശതമാനമായി.

രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിലുള‌ളത് 3,​44,​899 പേരാണ്. ഇതുവരെ 4,​36,​861 പേർ കൊവിഡ് മൂലം മരണമടഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3.26 കോടി ജനങ്ങൾക്കാണ്. ഇതിൽ 97.60 ശതമാനം പേർ രോഗമുക്തി നേടി.

കേരളത്തിൽ 30,​077 പേർക്ക് രോഗം ബാധിച്ചപ്പോൾ 162 മരണങ്ങൾ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് പരിശോധിച്ചത് 18.24 ലക്ഷം സാമ്പിളുകളാണ്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകൾ 51.49 കോടിയായി.