രാജ്യത്ത് 44,643 പുതിയ കൊവിഡ് കേസുകള്‍ ; 464 മരണം ; ആകെ കേസുകളുടെ പകുതിയും കേരളത്തില്‍

Friday, August 6, 2021

ന്യൂഡൽഹി : രാജ്യത്ത് 44,643 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 464 പേർ മരണമടഞ്ഞതായി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,26,754 ആയി. 41,096 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 3.10 കോടിയായി. 97.36 ആണ് രോഗമുക്തി നിരക്ക്. രാജ്യത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള‌ളത് 4,14,159 പേരാണ്. ഇതുവരെ രാജ്യത്ത് നൽകിയത് 49.5 കോടി ഡോസ് കൊവി‌‌ഡ് വാക്‌സിനാണ്. തമിഴ്‌നാട്ടിലെ കെ.തളവൈപുരം രാജ്യത്ത് 100 ശതമാനം വാക്‌സിനേഷൻ നടപ്പാക്കിയ ആദ്യ ഗ്രാമമായി മാറി. ഇവിടെ 18 വയസിന് മുകളിൽ പ്രായമുള‌ള എല്ലാവർക്കും വാക്‌സിൻ നൽകി.

ഇതിനിടെ രോഗം വർദ്ധിക്കുന്ന കേരളത്തിന് പുറമേ തമിഴ്‌നാട്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. 22,000ലധികം കൊവി‌ഡ് രോഗികളുള‌ള കേരളത്തിലാണ് പ്രതിദിന കൊവിഡ് കണക്കിൽ 50 ശതമാനം രോഗികളും. തമിഴ്നാട്ടിൽ 1997 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഹിമാചലിൽ 256 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. ബംഗാളിൽ 812 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.