INDIA- CHINA Relations| അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ വിദേശകാര്യമന്ത്രി ചൈനയില്‍; എസ് ജയ്ശങ്കര്‍ ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി, ബന്ധം സാധാരണ നിലയിലാക്കാന്‍ ശ്രമം

Jaihind News Bureau
Tuesday, July 15, 2025

ന്യൂ ഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് വഷളായ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ജയശങ്കറിന്റെ ആദ്യ ചൈനീസ് സന്ദര്‍ശനമാണിത്. ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷന്റെ (ASO) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായാണ് അദ്ദേഹം ബെയ്ജിംഗില്‍ എത്തിയത്.

ചൊവ്വാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചയില്‍, ഉഭയകക്ഷി ബന്ധത്തിലെ സമീപകാല പുരോഗതികള്‍ ഷി ജിന്‍പിങ്ങുമായി ചര്‍ച്ച ചെയ്തതായി മന്ത്രി ജയശങ്കര്‍ ട്വീറ്റ് ചെയ്തു. 2020 ജൂണില്‍ ഗല്‍വാന്‍ താഴ്വരയില്‍ നടന്ന സൈനിക ഏറ്റുമുട്ടലിന് ശേഷം ഇരു നേതാക്കളും തമ്മില്‍ നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. 2024 ഒക്ടോബറില്‍, തര്‍ക്കവിഷയങ്ങളായിരുന്ന ഡെംചോക്ക്, ഡെപ്സാങ് എന്നിവിടങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായിരുന്നു. ഇതിനെത്തുടര്‍ന്ന്, അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു.

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായി നടത്തിയ കൂടിക്കാഴ്ചയിലും ജയശങ്കര്‍ അതിര്‍ത്തി വിഷയം ഉന്നയിച്ചു. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) സൈനിക പിന്‍മാറ്റം പൂര്‍ത്തിയാക്കി മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതില്‍ മികച്ച പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില സുപ്രധാന ധാതുക്കളുടെ കയറ്റുമതിയില്‍ ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ചര്‍ച്ചാവിഷയമായി. വ്യാപാര രംഗത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതും ചൈന ഒഴിവാക്കണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു. അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറരുതെന്നും മത്സരം സംഘര്‍ഷത്തിലേക്ക് നയിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ജൂണില്‍ എസ്സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനായി ചൈനയിലെ ക്വിംഗ്ദാവോ സന്ദര്‍ശിച്ചിരുന്നു. ഒരു ദശാബ്ദത്തിനിടെ ഒരു ഇന്ത്യന്‍ പ്രതിരോധ മന്ത്രി ചൈനയിലേക്ക് നടത്തിയ ആദ്യ സന്ദര്‍ശനമായിരുന്നു അത്. ഈ സന്ദര്‍ശനങ്ങളുടെ തുടര്‍ച്ചയാണ് ജയശങ്കറിന്റെ യാത്ര. ഈ വര്‍ഷം അവസാനം എസ്സിഒ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നും അതിന് കളമൊരുക്കുകയാണ് ഈ കൂടിക്കാഴ്ചകളുടെ ലക്ഷ്യമെന്നും വിലയിരുത്തപ്പെടുന്നു.

എന്നിരുന്നാലും, ഇരുരാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും ചില പ്രധാന വിഷയങ്ങള്‍ വെല്ലുവിളിയായി തുടരുകയാണ്. ദലൈലാമയുടെ പിന്‍ഗാമിയെ ചൊല്ലിയുള്ള തര്‍ക്കം ഇതിലൊന്നാണ്. ഈ വിഷയം ഇന്ത്യ-ചൈന ബന്ധത്തിലെ ഒരു ‘മുള്ളാണ്’ എന്ന് ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി അടുത്തിടെ പ്രസ്താവിച്ചിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സമയത്ത് പാകിസ്ഥാന് ചൈന രഹസ്യവിവരങ്ങള്‍ നല്‍കി സഹായിച്ചു എന്ന റിപ്പോര്‍ട്ടുകളും ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസ്യതയെ ബാധിക്കുന്നുണ്ട്. ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ തമ്മില്‍ വര്‍ധിച്ചുവരുന്ന അടുപ്പവും ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്.