ഇന്ത്യ-ചൈന സംഘര്‍ഷം; പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് പാർലമെന്‍റിൽ പ്രസ്താവന നടത്തും

ന്യൂഡല്‍ഹി: അരുണാചൽപ്രദേശിലെ തവാങ്  സെക്ടറിലുണ്ടായ  ഇന്ത്യ – ചൈന സംഘർഷത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് പാർലമെൻ്റിൽ പ്രസ്താവന നടത്തും. വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട സാഹചര്യത്തിലാണ് രാജ്നാഥ് സിംഗ് ഇതേക്കുറിച്ച് സഭയിൽ വിശദീകരിക്കുക. വിഷയത്തില്‍ വിശദമായ ചർച്ച ആവശ്യപ്പെട്ട് കോണ്ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് എം പി മനീഷ് തിവാരിയാണ് ലോക്സഭയിൽ നോട്ടീസ് നൽകിയത്.

സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യാനായി പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗിൻ്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുകയാണ്. വിദേശകാര്യമന്ത്രി എസ്.ജയ്‍ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ, കര,നാവിക, വ്യോമസേനാ മേധാവിമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം ഇന്ത്യ ചൈന സൈനിക സംഘര്‍ഷത്തെ തുടര്‍ന്ന് നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രത. അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളിലാണ് ജാഗ്രത വര്‍ധിപ്പിച്ചത്.

Comments (0)
Add Comment