ഇന്ത്യ-ചൈന  സംഘര്‍ഷം; പ്രധാനമന്ത്രിയോട് 7 ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

Jaihind Webdesk
Saturday, December 17, 2022

ന്യൂഡല്‍ഹി:  ഇന്ത്യ-ചൈന  സംഘര്‍ത്തില്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്. അരുണാചല്‍ പ്രദേശില്‍ നടന്ന സംഭവത്തില്‍ വ്യക്തത വരുത്താന്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഏഴ് ചോദ്യങ്ങളാണ് പാര്‍ട്ടി ഉയര്‍ത്തിയത്.

കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശ്  ട്വിറ്ററിലൂടെയാണ് ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. ‘ഈ ഏഴ് ചോദ്യങ്ങളില്‍ മന്‍ കി ബാത്ത് നല്‍കേണ്ടത് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ കടമയും ധാര്‍മ്മിക ഉത്തരവാദിത്തവുമാണ്. രാഷ്ട്രം അറിയാന്‍ ആഗ്രഹിക്കുന്നു. ഉത്തരം തരൂ പ്രധാനമന്ത്രി.’,എന്ന കുറിപ്പോടെയാണ് ട്വീറ്റ്.

 

കോണ്‍ഗ്രസ് ഉന്നയിച്ച  7 ചോദ്യങ്ങള്‍

– 2020 ജൂണ്‍ 20-ന്, കിഴക്കന്‍ ലഡാക്കിലെ ഇന്ത്യയുടെ പ്രദേശത്ത് ചൈനയുടെ നുഴഞ്ഞുകയറ്റം ഉണ്ടായിട്ടില്ലെന്ന് നിങ്ങള്‍ പറഞ്ഞത് എന്തുകൊണ്ടാണ്?

– 2020 മെയ് മാസത്തിന് മുമ്പ് നമ്മള്‍ പതിവായി പട്രോളിംഗ് നടത്തിയിരുന്ന കിഴക്കന്‍ ലഡാക്കിലെ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്ററിലേക്ക് ഇന്ത്യന്‍ സൈനികരെ തടയാന്‍ നിങ്ങള്‍ ചൈനക്കാരെ അനുവദിച്ചത് എന്തുകൊണ്ട്?

– ഒരു മൗണ്ടന്‍ സ്‌ട്രൈക്ക് കോര്‍പ്‌സ് സ്ഥാപിക്കുന്നതിന് 2013 ജൂലൈ 17-ന് കാബിനറ്റ് അംഗീകരിച്ച പദ്ധതി എന്തുകൊണ്ടാണ് നിങ്ങള്‍ ഉപേക്ഷിച്ചത്?

– എന്തുകൊണ്ടാണ് നിങ്ങള്‍ ചൈനീസ് കമ്പനികളെ പിഎം കെയേര്‍സ് ( PM CARES) ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ അനുവദിച്ചത്?

– എന്തുകൊണ്ടാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ നിങ്ങള്‍ അനുവദിച്ചത്?

– അതിര്‍ത്തിയിലെ സാഹചര്യത്തെക്കുറിച്ചും ചൈനയില്‍ നിന്ന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയും വേണ്ടെന്ന് നിങ്ങള്‍ എന്തിനാണ് ശഠിക്കുന്നത്?

– നിങ്ങള്‍ 18 തവണ ചൈനീസ് നേതൃത്വത്തെ കാണുകയും ബാലിയില്‍ വെച്ച് ഷി ജിന്‍പിങ്ങുമായി ഹസ്തദാനം ചെയ്യുകയും ചെയ്തു. തൊട്ടുപിന്നാലെ ചൈന തവാങ്ങിലേക്ക് നുഴഞ്ഞുകയറ്റം നടത്തുകയും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ഏകപക്ഷീയമായി മാറ്റുകയും ചെയ്തു. എന്തുകൊണ്ടാണ് നിങ്ങള്‍ രാജ്യത്തെ വിശ്വാസത്തിലെടുക്കാത്തത്?

അതേസമയം ചൈന യുദ്ധത്തിന് ഒരുങ്ങുമ്പോള്‍ കേന്ദ്രം ഉറങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തില്‍  രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവങ്ങളിലെല്ലാം രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഈ വിഷയത്തില്‍ ഇരു സഭകളിലും പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചിരുന്നു. തിങ്കളാഴ്ച  രാജ്യസഭയിലും ലോക്സഭയിലും സമ്മേളനങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംപിമാരും മറ്റ് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളും പാര്‍ലമെന്‍റിന്‍റെ  ഇരുസഭകളിലും വിഷയം ഉന്നയിക്കാന്‍ ഒരുങ്ങുകയാണ്. അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തെക്കുറിച്ച് വിശദ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെടും.