ഒട്ടാവ/ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ മഞ്ഞുരുക്കത്തിന്റെ സൂചനകൾ കണ്ടുതുടങ്ങിയ സാഹചര്യത്തിൽ, ഖലിസ്ഥാൻ വാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കാനഡയുടെ മണ്ണിൽ ‘എംബസി’ സ്ഥാപിച്ചത് ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാകുന്നു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ തീവ്ര സിഖ് ഘടകങ്ങൾ സ്ഥാപിച്ച ‘റിപ്പബ്ലിക് ഓഫ് ഖലിസ്ഥാൻ എംബസി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഓഫീസിന്റെ ചിത്രങ്ങൾ പുറത്തുവന്നു.
സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ ഒരു ഭാഗത്താണ് ഈ പ്രതീകാത്മക എംബസി സ്ഥാപിച്ചിരിക്കുന്നത്. 2023-ൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ ഒരുകാലത്ത് ഈ ഗുരുദ്വാരയുടെ തലവനായിരുന്നു എന്നതാണ് ഈ നീക്കത്തിന് ഗൗരവം വർദ്ധിപ്പിക്കുന്നത്. നിജ്ജാർ വെടിയേറ്റ് മരിച്ചത് ഇതേ ഗുരുദ്വാരയുടെ പാർക്കിംഗ് സ്ഥലത്തുവെച്ചായിരുന്നു.
നിജ്ജാറിനെ പരസ്യമായി പിന്തുണയ്ക്കുന്ന ഈ ‘എംബസി’യുടെ ഉദ്ഘാടനം, നിരോധിത സംഘടനയായ ‘സിഖ്സ് ഫോർ ജസ്റ്റിസ്’ (SFJ) സംഘടിപ്പിക്കുന്ന ‘ഖലിസ്ഥാൻ ഹിതപരിശോധന’യുടെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഇന്ത്യൻ സുരക്ഷാ ഏജൻസികൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
നയതന്ത്ര ശ്രമങ്ങൾക്ക് തിരിച്ചടി
ഈ വർഷം ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡയുടെ പുതിയ പ്രധാനമന്ത്രിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ തുടക്കം കുറിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. നിജ്ജാറിന്റെ കൊലപാതകവും, മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ തെളിയിക്കപ്പെടാത്ത ആരോപണങ്ങളും സൃഷ്ടിച്ച നയതന്ത്രപരമായ വിള്ളലുകൾ മറികടക്കാൻ ഇരുപക്ഷവും താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പുതിയ സംഭവം ഈ ശ്രമങ്ങളെയാകെ തുരങ്കം വെക്കുന്നതാണ്. നിജ്ജാറിന്റെ കൊലപാതകത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.