ഇന്ത്യാ മുന്നണി യോഗം ഡല്‍ഹിയില്‍; തിരഞ്ഞെടുപ്പ് അവലോകനം മുഖ്യ അജണ്ട

Saturday, June 1, 2024

 

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്നോടിയായി  ഇന്ത്യാ മുന്നണി വിളിച്ച യോഗം ഡല്‍ഹിയില്‍ ചേരുന്നു.  കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെയുടെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുന്നത്. സർക്കാർ രൂപീകരണവും തിരഞ്ഞെടുപ്പ് അവലോകനവുമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട.

തിരഞ്ഞെടുപ്പ് അവലോകനത്തിനും ഫലപ്രഖ്യാപനത്തിന് ശേഷം സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്യാനാണ് ഇന്ത്യ സഖ്യം യോഗം വിളിച്ചിരിക്കുന്നത്. അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് പൂർത്തിയാകുന്ന സാഹചര്യത്തിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. വോട്ടെടുപ്പ് നടന്ന എല്ലാ ഘട്ടത്തിലും ഇന്ത്യാ സഖ്യം മികച്ച മുന്നേറ്റം നടത്തിയെന്ന വിലയിരുത്തലിലാണ് നേതാക്കൾ. ജൂൺ നാലിന് വോട്ടെണ്ണൽ നടക്കുന്നതിന് മുന്നോടിയായി പ്രതിപക്ഷ കക്ഷി നേതാക്കൾ അടുത്ത സർക്കാർ രൂപീകരണം സംബന്ധിച്ച് വിശദമായ ചർച്ച നടത്തും. 28 പാർട്ടി നേതാക്കളാണ് ഇന്ത്യാ സഖ്യത്തിലുള്ളത്. പ്രധാന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എന്നിവർക്ക് യോഗത്തില്‍ എത്തിച്ചേരാനാവില്ലെന്ന് അറിയിച്ചു.

ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന പൊതു വിലയിരുത്തലാണ് ഉള്ളത്. കേവല ഭൂരിപക്ഷം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ ബിജെപി അട്ടിമറിക്ക് ശ്രമിക്കുമെന്ന വിലയിരുത്തലും പ്രതിപക്ഷം നടത്തുന്നു. ഈ സാഹചര്യവും യോഗം വിലയിരുത്തും. വോട്ടെടുപ്പിൽ അട്ടിമറി ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചും യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കൾക്ക് കൃത്യമായ നിർദ്ദേശം നൽകും.