മോദിക്കെതിരായ വിധിയെഴുത്ത്; സമയം വരുമ്പോള്‍ ഉചിതമായ തീരുമാനം എടുക്കും; ഇന്ത്യാ സഖ്യത്തിന്‍റെ യോഗത്തിന് ശേഷം നേതാക്കള്‍

Jaihind Webdesk
Wednesday, June 5, 2024

 

ന്യൂഡല്‍ഹി: സമയം വരുമ്പോള്‍ ഇന്ത്യാ മുന്നണി ഉചിതമായ തീരുമാനം എടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ. രാജ്യത്തിന്‍റെ വിധിയെഴുത്ത് മോദിക്കെതിരാണെന്നും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണിതെന്നും ഖാർഗെ പറഞ്ഞു. ഇന്ത്യാ മുന്നണി യോഗം രാജ്യത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളും. ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരായ പോരാട്ടം  ശക്തമായി തുടരുമെന്നും മല്ലികാർജുന്‍ ഖാർഗെ വ്യക്തമാക്കി.

“ബിജെപിക്ക്അവരുടെ വിദ്വേഷത്തിന്‍റെയും അഴിമതിയുടെയും ആക്രമണത്തിന്‍റെയും രാഷ്ട്രീയത്തിന് തക്കതായ മറുപടിയാണ് ജനവിധി നൽകിയത്. വിലക്കയറ്റം, തൊഴിലില്ലായ്മ, ചങ്ങാത്ത മുതലാളിത്തം എന്നിവയ്‌ക്കെതിരെയും ജനാധിപത്യത്തെയും ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള ഒരു നിയോഗമാണിത്. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇന്ത്യാ സഖ്യം പോരാട്ടം തുടരും. ബിജെപി സർക്കാർ ഭരിക്കരുതെന്ന ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ ഉചിതമായ സമയത്ത് ഞങ്ങൾ ഉചിതമായ നടപടികൾ കൈക്കൊള്ളും. ജനങ്ങൾക്ക് എന്ത് വാഗ്ദാനങ്ങൾ നൽകിയാലും അത് പാലിക്കുമെന്നതാണ് ഞങ്ങളുടെ തീരുമാനം.” – മല്ലികാർജുന്‍ ഖാർഗെ പറഞ്ഞു.

ഇന്ത്യാ സഖ്യത്തിന് നല്‍കിയ വൻ പിന്തുണയ്‌ക്ക് മുന്നണിയിലെ എല്ലാ ഘടകകക്ഷികളും രാജ്യത്തെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും ഖാർഗെ പറഞ്ഞു. ഡല്‍ഹിയില്‍ ചേർന്ന ഇന്ത്യാ മുന്നണി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു  നേതാക്കള്‍.