നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന് വന്‍ മുന്നേറ്റം; 11 സീറ്റിലും മുന്നില്‍

Jaihind Webdesk
Saturday, July 13, 2024

 

ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇന്ത്യാ സഖ്യത്തിന് മുന്നേറ്റം. 13-ൽ 11 സീറ്റിലും കോണ്‍ഗ്രസും സഖ്യകക്ഷികളുമാണ് മുന്നില്‍. പശ്ചിമബംഗാൾ, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ബിഹാർ സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കനത്ത തിരിച്ചടിയുടെ ഞെട്ടലിലാണ് ബിജെപി.

ഹിമാചല്‍ പ്രദേശിലെ മൂന്നില്‍ രണ്ടു സീറ്റിലും ഉത്തരാഖണ്ഡില്‍ രണ്ടു സീറ്റിലും കോണ്‍ഗ്രസാണ് മുന്നില്‍. ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാലു സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസിനാണ് ലീഡ്. ഹിമാചലിലെ ദെഹ്റ സീറ്റില്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിംഗ് സുഖുവിന്‍റെ ഭാര്യ കമലേഷ് താക്കൂര്‍ ബിജെപി സ്ഥാനാര്‍ഥി ഹോഷ്യാര്‍ സിംഗിനെ 9000 വോട്ടുകള്‍ക്കാണ് തോല്‍പിച്ചു. നലഗര്‍ സീറ്റിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. ബംഗാളില്‍ 2021-ല്‍ ബിജെപി ജയിച്ച റായ്ഗഞ്ച്, റാണാഘട്ട് ദക്ഷിണ്‍, ബാഗ്ദ സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നില്‍. മൂന്നിടത്തും ബിജെപി എംഎല്‍എമാര്‍ കൂറുമാറി തൃണമൂലില്‍ ചേര്‍ന്നിരുന്നു. സിറ്റിംഗ് സീറ്റായ മണിക്തലയിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നില്‍. ഹമിര്‍പുരില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്.

പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ് എഎപി നിലനിര്‍ത്തി. എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്ന സിറ്റിംഗ് എംഎല്‍എ ഷീതള്‍ അംഗുരാല്‍ പരാജയപ്പെട്ടു. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ മംഗ്ലൗര്‍സീറ്റിലും ക്ഷേത്ര നഗരിയായ ബദ്രിനാഥിലും കോണ്‍ഗ്രസാണ് മുന്നില്‍. മധ്യപ്രദേശിലെ അമര്‍വരാ സീറ്റിലും കോണ്‍ഗ്രസ് മുന്നിലാണ്. ബിഹാറിലെ രൂപാലിയില്‍ ജെഡിയു മുന്നിലാണ്. തമിഴ്നാട്ടിലെ വിക്രവാന്ദിയിലും ഇന്ത്യ സഖ്യത്തിന്‍റെ സ്ഥാനാർഥിയായ ഡിഎംകെയുടെ അന്നിയൂർ ശിവയാണ് ലീഡ് ചെയ്യുന്നത്.