ASIA CUP 2025| ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോറില്‍; ഇന്ത്യയുടെ ജയം 7 വിക്കറ്റുകള്‍ക്ക്

Jaihind News Bureau
Monday, September 15, 2025

ഏഷ്യാ കപ്പിലെ തീപാറും പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ സൂപ്പര്‍ ഫോറില്‍ കയറി. ബാറ്റിംഗ്, ബൗളിംഗ് മികവുകള്‍ ഒരുപോലെ പ്രകടമാക്കിയാണ് ഇന്ത്യ പാകിസ്ഥാനെ 7 വിക്കറ്റിന് പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 20 ഓവറില്‍ 127 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

128 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഗംഭീര തുടക്കമാണ് നല്‍കിയത്. അഭിഷേക് ശര്‍മ 13 പന്തില്‍ 31 റണ്‍സ് നേടി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചു. ശുഭ്മാന്‍ ഗില്‍ 7 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായി.

തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ചേര്‍ന്ന് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി. തിലക് വര്‍മ 31 പന്തില്‍ 31 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവ് 37 പന്തില്‍ 47 റണ്‍സ് നേടി പുറത്താകാതെ നിന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ശിവം ദുബെ 7 പന്തില്‍ 10 റണ്‍സുമായി സൂര്യകുമാറിന് മികച്ച പിന്തുണ നല്‍കി. പാകിസ്ഥാന് വേണ്ടി സയ്യിം അയൂബാണ് മൂന്ന് വിക്കറ്റുകളും നേടിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ പിടിച്ചുനില്‍ക്കാനായില്ല. ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്റെ 40 റണ്‍സാണ് പാകിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. അവസാന ഓവറുകളില്‍ ഷഹീന്‍ ഷാ അഫ്രീദി 16 പന്തില്‍ 33 റണ്‍സ് നേടി പാകിസ്ഥാന്റെ സ്‌കോര്‍ 127-ല്‍ എത്തിച്ചു.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീതം നേടി പാകിസ്ഥാന്റെ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടി. ഈ തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പില്‍ തങ്ങളുടെ ആധിപത്യം ഒരിക്കല്‍ കൂടി ഉറപ്പിച്ചു.