ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന്; ആദ്യ ജയത്തിന്‍റെ കരുത്തോടെ നീലപ്പട

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന്. ആദ്യ ഏകദിനത്തിലെ ജയത്തിന്‍റെ കരുത്തിലാണ് നീലപ്പട ഇന്ന് കംഗാരുക്കളെ നേരിടുന്നത്.

ആദ്യ മത്സരത്തിൽ ആറു വിക്കറ്റിന്‍റെ ജയത്തോടെ തുടങ്ങിയ ഇന്ത്യക്ക് ഇന്നും ജയം അനിവാര്യമാണ്. ഓസ്ട്രേലിയയിൽ മികച്ച പ്രകടനം നടത്തി തിരിച്ചെത്തിയ ഇന്ത്യക്ക് നാട്ടിൽ നടന്ന ടി20 പരമ്പരയിൽ അടിതെറ്റി. ഇതിന്‍റെ മറുപടിയായി ഏകദിന പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 1-0നു മുന്നിട്ടുനിൽക്കുന്ന കോഹ്ലിപ്പട വീണ്ടുമൊരു ജയത്തോടെ പരമ്പരയിൽ പിടിമുറുക്കാമെന്ന ആത്മവിശ്വാസത്തിലാണ്. രണ്ടാം ഏകദിനം കൈപ്പിടിയിലൊതുക്കി ടൂർണമെന്‍റിലേക്ക് തിരിച്ചുവരാനാണ് ഓസ്ട്രേലിയ കോപ്പ് കൂട്ടുന്നത്. ടി20യിലെ ജൈത്രയാത്ര ഏകദിനത്തിലും തുടരണം എന്ന ലക്ഷ്യം മാത്രമാണ് ഓസ്ട്രേലിയക്കുള്ളതെന്നായിരുന്നു മാക്സ്വെല്ലിന്‍റെ പ്രതികരണം.

ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും ഫോമിലേക്കുയർന്നാൽ മാത്രമേ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ കഴിയൂ. വിരാട് കോഹ്ലിയും ഫോമിലേക്ക് തിരിച്ച് വരേണ്ടതുണ്ട്. ഇന്നത്തെ മത്സരത്തിൽ ലോകേഷ് രാഹുലിനെ കളിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മികച്ച പ്രകടനമാണ് താരം പുറത്തെടുത്തിട്ടുള്ളത്.

Comments (0)
Add Comment