വിചിത്ര വാദവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. യുക്രൈനെതിരായ യുദ്ധവും ആക്രമണവും നിര്‍ത്താന്‍ റഷ്യയെ നിര്‍ബന്ധിതരാക്കാന്‍ വേണ്ടിയാണ് ഇന്ത്യക്ക് മേല്‍ അധിക തീരുവ ചുമത്തിയതെന്നാണ് ജെ ഡി വാന്‍സിന്റെ വാദം. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യ എണ്ണ വിറ്റ് സമ്പന്നരാകുന്നത് തടയാനാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ എണ്ണ വാങ്ങുന്ന ചൈനയ്‌ക്കെതിരെ തീരുവ വര്‍ധിപ്പിക്കാത്തതില്‍ ഒരു മറുപടി പോലും പറഞ്ഞില്ല.
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്നാണ് ജെ.ഡി വാന്‍സിന്റെ ആത്മവിശ്വാസം. കൂട്ടക്കൊലപാതകം അവസാനിപ്പിച്ചാല്‍ റഷ്യയെ ലോക സമ്പദ്വ്യവസ്ഥയിലേക്ക് കൊണ്ടു വരുമെന്നും യുക്രൈനെതിരെ യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ റഷ്യ ഒറ്റപ്പെട്ട് കിടക്കുന്നത് തുടരുമെന്നും അദ്ദേഹം മറുപടി പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് മുന്‍പ് നിലപാടെടുത്തിരുന്ന വാന്‍സ്, യുക്രൈനെതിരായ യുദ്ധത്തില്‍ ഇന്ത്യ റഷ്യയ്ക്ക് കരുത്തേകുമെന്നും പരിപാടിയില്‍ കുറ്റപ്പെടുത്തി.