വഖഫ് ഭേദഗതി ബില്ലില്‍ കടുത്ത എതിര്‍പ്പുയർത്തി ഇന്ത്യാ സഖ്യം; ബില്‍ സംയുക്ത പാർലമെന്‍ററി സമിതിക്ക് വിട്ടു

Jaihind Webdesk
Thursday, August 8, 2024

 

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്‍ററിസമിതിക്ക് വിട്ടു. വഖഫ് ബോർഡിന്‍റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. ബില്ലിനെ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി എതിർത്തു. വഖഫ് ഭേദഗതി ബിൽ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമെന്ന് പറഞ്ഞ പ്രതിപക്ഷം കടുത്ത പ്രതിരോധമുയർത്തി.

മുസ്‌ലിം അം​ഗം വഖഫ് ബോർഡിൽ എത്തുന്നത് മതസ്വാതന്ത്ര്യത്തോടുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്ന് കെ.സി. വേണുഗോപാൽ എം.പി ആരോപിച്ചു. അയോധ്യ ക്ഷേത്ര ഭരണസമിതിയിൽ മുസ്‌ലിം വ്യക്തിയുണ്ടോയെന്ന കെ.സി വേണുഗോപാലിന്‍റെ ചോദ്യം കേന്ദ്രത്തെ പ്രതിരോധത്തിലാക്കി. അമുസ്‌ലീങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതാണ് നിലവിലെ ഭേദഗതി. അയോധ്യ രാമക്ഷേത്ര ബോര്‍ഡിലോ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലോ അഹിന്ദുക്കളെ ഉള്‍പ്പെടുത്തുന്നത് ആരെങ്കിലും ചിന്തിക്കുമോയെന്നായിരുന്നു കെ.സി. വേണുഗോപാല്‍ എംപിയുടെ ചോദ്യം.

ബില്ല് മുസ്‌ലീങ്ങളോടുള്ള വിവേചനമാണെന്ന് സമാജ് വാദി പാർട്ടി വിമർശിച്ചു. സർക്കാർ നിലപാട് ദുരൂഹമാണെന്നും ഭരണഘടന വിരുദ്ധമെന്നും തൃണമൂൽ കോൺഗ്രസ് പറഞ്ഞു. ബിൽ ജനദ്രോഹമെന്ന് കുറ്റപ്പെടുത്തിയ ഡിഎംകെ നേതാവ് കനിമൊഴി, ബില്ല് ഭരണഘടനക്കും, ജനാധിപത്യത്തിനും എതിരാണെന്നും ചൂണ്ടിക്കാട്ടി. ബിൽ പിൻവലിക്കണമെന്ന് എൻസിപി ആവശ്യപ്പെട്ടു. ബില്ല് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ ആരോപിച്ചു.

ബില്ലിന് പിന്നിൽ വൃത്തികെട്ട അജണ്ടയാണെന്ന് മുസ്‌ലീം ലീഗ് അംഗം ഇ.ടി. മുഹമ്മദ് ബഷീർ കുറ്റപ്പെട്ടുത്തി. വഖഫ് കൗൺസിലും, വഖഫ് ബോർഡുകളും അപ്രസക്തമാകുമെന്നും ജില്ലാ കളക്ടർമാർക്ക് സകല അധികാരങ്ങളും നൽകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഐക്യം തകർക്കുന്ന ബില്ലെന്നും സിപിഎം നേതാവ് കെ. രാധാകൃഷണൻ കുറ്റപ്പെടുത്തി.

മതേതരത്വത്തിന്‍റെ ഭാവി തകർക്കുന്ന ബില്ലാണിതെന്ന് എൻ.കെ. പ്രേമചന്ദ്രൻ വിമർശിച്ചു. വഖഫ് മതപരമായ ചട്ടക്കൂടിൽ നിൽക്കുന്ന സ്ഥാപനമാണ്. ബിൽ മതത്തിൽ കടന്നു കയറുകയാണ്. വഖഫ് ബോർഡിനെ തകർക്കുന്ന നടപടിയാണിത്. നിയമപരമായ പരിശോധനയ്ക്ക് നീങ്ങിയാൽ ഈ ബില്ല് തള്ളപ്പെടും. ബില്ലുമായി മുമ്പോട്ട് പോകണമെന്നുണ്ടെങ്കിൽ ചർച്ചകൾ നടക്കണം, സൂക്ഷ്മ പരിശോധനകൾ വേണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലീങ്ങളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ് ബില്ലെന്ന് അസദുദ്ദീൻ ഒവൈസിയും വിമർശിച്ചു.