പ്രതിപക്ഷ എംപിമാരെ പുറത്താക്കിയ നടപടി, പ്രതികരണവുമായി ഖാർഗെ; 22 ന് രാജ്യവ്യാപക പ്രതിഷേധം

Jaihind Webdesk
Tuesday, December 19, 2023

പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ചയില്‍  പ്രതിപക്ഷ എംപിമാരെ പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സംഭവം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിലായിരുന്നു നടപടി.  ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഇന്ത്യ സഖ്യത്തിന്‍റെ  യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ സഖ്യ യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അരവിന്ദ് കെജ്രിവാള്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇപ്പോള്‍ ശ്രദ്ധ തെരഞ്ഞെടുപ്പിലാണെന്നും സ്ഥാനാര്‍ത്ഥിയായി ആരെയും നിര്‍ദേശിക്കേണ്ടെന്നുമാണ് ഖാര്‍ഗെ പറഞ്ഞത്. സീറ്റ് വിഭജന ചർച്ചകൾ ജനുവരി ഒന്നിനുള്ളിൽ പൂർത്തിയാക്കണമെന്ന് നേതാക്കൾ നിര്‍ദേശിച്ചു. ജനാധിപത്യത്തെ അടിച്ചമർത്താനുള്ള നീക്കങ്ങളെ പ്രതിപക്ഷം ഒന്നടങ്കം ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും എംപിമാരെ പുറത്താക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നും സർക്കാരിന്‍റെ ഏകപക്ഷീയ നീക്കത്തെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

സഭയ്ക്കുള്ളിൽ പ്രതിഷേധിക്കുന്നത് ഇതാദ്യമായല്ല. അമിത്ഷായും പ്രധാനമന്ത്രിയും സംസാരിക്കണമെന്ന ആവശ്യത്തെ മാനിക്കാൻ തയ്യാറാകുന്നില്ല. പകരം അഹമ്മദാബാദിലെ വ്യാപാര സമുച്ചയം ഉദ്ഘാടന ചടങ്ങിലാണ് മോദി പങ്കെടുത്തത്. മര്യാദകെട്ട നടപടിയെ ചോദ്യം ചെയ്യാൻ തന്നെയാണ് തീരുമാനം. എല്ലാ പ്രതിപക്ഷ പാർട്ടികളും ചേർന്ന് ശക്തമായ പ്രതിഷേധം നടത്തും. ഡിസംബർ 22 ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ഒരു പ്രതിസന്ധിയുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.