ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിനെതിരെ ‘ഇന്ത്യ’; ഞായറാഴ്ച രാംലീല മൈതാനിയില്‍ മഹാറാലി

Jaihind Webdesk
Sunday, March 24, 2024

 

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെതിരായ ഇഡി നടപടിയിൽ പ്രതിഷേധം ശക്തമാക്കുവാൻ ‘ഇന്ത്യ’ മുന്നണി. മാർച്ച് 31-ന് ഡൽഹിയിൽ രാംലീല മൈതാനിയിൽ മഹാറാലി സംഘടിപ്പിക്കും. രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് മഹാറാലി സംഘടിപ്പിക്കുന്നതെന്നും എല്ലാ ജനങ്ങളും പങ്കാളികളാകണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു. അതേസമയം ഇഡി കസ്റ്റഡിയിൽ ഇരിക്കെയും ഭരണനിർവഹണം തുടർന്ന് അരവിന്ദ് കെജ്‌രിവാള്‍.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് മെഗാ പ്രതിഷേധത്തിനാണ് ഇന്ത്യ സഖ്യം തയാറെടുക്കുന്നത്. പ്രതിപക്ഷത്തെ വേട്ടയാടാൻ ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്നാണ് എപിഐയുടെ ആരോപണം. ഷഹീദി പാർക്കിൽ മെഴുകുതിരി കത്തിച്ചു നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ എല്ലാ പാർട്ടി പ്രതിനിധികളും ഇന്ത്യ മുന്നണി പ്രതിനിധികളും പങ്കെടുക്കുമെന്ന് ഡൽഹി മന്ത്രി ഗോപാൽ റായ് അറിയിച്ചു.

ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിംഗ് ലാവ്ലിയും രംഗത്തുവന്നു. ”ഇതാണോ ജനാധിപത്യം? തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെയാണ് നിങ്ങൾ അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും മുതിർന്ന പാർട്ടിയുടെ അക്കൗണ്ടുകൾ നിങ്ങൾ മരവിപ്പിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിലാണ് ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി. അതിൽ നിന്ന് പിൻവാങ്ങില്ല.” – അരവിന്ദർ പറഞ്ഞു.

അതേസമയം ഇഡികസ്റ്റഡിയിലിരിക്കെ ആദ്യ ഉത്തരവിറക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഭരണനിർവഹണം തുടരുമെന്ന് വ്യക്തമാക്കി. രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് മുഖ്യമന്ത്രി ഇറക്കിയിരിക്കുന്നത്. നിലവിൽ എഎപിയെ മുന്നിൽ നിന്ന് നയിക്കുന്ന ഡൽഹി മന്ത്രി അതിഷിക്ക് ഒരു കുറിപ്പ് അയച്ചായിരുന്നു ആദ്യ ഉത്തരവ്. അതിഷി ഇത് മാധ്യമങ്ങളോട് പങ്കുവയ്ക്കുകയും ചെയ്തു.