വെടിനിർത്തല്‍ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ; ലജ്ജാകരവും ഞെട്ടിപ്പിക്കുന്നതുമെന്ന് പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Saturday, October 28, 2023

 

ന്യൂഡൽഹി: ഇസ്രയേല്‍-ഹമാസ് വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎൻ പൊതുസഭയിൽ പാസാക്കിയ പ്രമേയത്തിന്‍റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നതില്‍ ഞെട്ടലും ലജ്ജയുമുണ്ടെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. നമ്മുടെ രാജ്യം ഇക്കാലമത്രയും നിലകൊണ്ട എല്ലാത്തിനും എതിരാണ് ഇതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

‘‘മനുഷ്യരാശിയുടെ എല്ലാ നിയമങ്ങളും താറുമാറാകുമ്പോഴും ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം, ആശയവിനിമയം, വൈദ്യുതി എന്നിവ നിഷേധിക്കപ്പെടുമ്പോഴും പലസ്തീന്‍ ജനത ഉന്മൂലനം ചെയ്യപ്പെടുമ്പോഴും നിശബ്ദമായി നോക്കിനിൽക്കുകയും പക്ഷം ചേരാൻ വിസമ്മതിക്കുകയും ചെയ്യുന്നത് ഒരു രാഷ്ട്രമെന്ന നിലയിൽ ഇത്രയും നാൾ നമ്മുടെ രാജ്യം നിലകൊണ്ട എല്ലാത്തിനും എതിരാണ്’’ – പ്രിയങ്കാ ഗാന്ധി എക്സില്‍ (ട്വിറ്റർ) കുറിച്ചു.

ഗാസയിലേക്ക് സഹായം എത്തിക്കുക, സാധാരണക്കാരുടെ സംരക്ഷണം എന്നിവ ഉയർത്തിക്കാട്ടി വെടിനിർത്തല്‍ ആവശ്യപ്പെട്ടായിരുന്നു യുഎൻ പ്രമേയം. 121 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ യുഎസും ഇസ്രയേലും ഉൾപ്പെടെ 14 രാജ്യങ്ങൾ എതിർത്ത് വോട്ടു ചെയ്തു. ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, ജർമനി, ജപ്പാൻ, യുക്രെയ്ൻ, യുകെ എന്നിവയുൾപ്പെടെ 44 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.