ആഘോഷനിറവില്‍ രാജ്യം: ചെങ്കോട്ടയില്‍ പതാക ഉയർത്തി; അഞ്ച് ലക്ഷ്യങ്ങള്‍ മുന്നോട്ടുവെച്ച് പ്രധാനമന്ത്രി

Jaihind Webdesk
Monday, August 15, 2022

ന്യൂഡൽഹി: 75-ാം  സ്വാതന്ത്ര്യ വാർഷിക നിറവിൽ രാജ്യം. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. ഇത് ഐതിഹാസിക ദിനമാണ്. 75 വർഷം സുഖദുഃഖ സമ്മിശ്രമായിരുന്നുവെന്നും നിശ്‌ചയദാർഢ്യത്തോടെ മുന്നേറണമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്  പ്രധാനമന്ത്രി പറഞ്ഞു. അഞ്ച് ലക്ഷ്യങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു.

രാജ്യം പുത്തൻ ഉണർവിലാണെന്നും അടുത്ത 25 വർഷം നിർണായകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ മോദി അനുസ്മരിച്ചു. നെഹ്‌റുവിനെ വണങ്ങുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിനുെ സ്വാമി വിവേകാനന്ദനും പ്രധാനമന്ത്രി ആദരമർപ്പിച്ചു. സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. അവരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്. പ്രസംഗത്തിൽ സവർക്കറെയും മോദി പരാമർശിച്ചു. റാണി ലക്ഷ്മി ഭായ് അടക്കമുള്ളവരുടെ വീര്യം സ്വാതന്ത്ര്യപോരാട്ടത്തില്‍ കണ്ടു. ആദിവാസി സമൂഹത്തെയും അഭിമാനത്തോടെ ഓര്‍ക്കണം. സ്വാതന്ത്ര്യ സമരസേനാനികളോടുള്ള കടം വീട്ടണം. വൈവിധ്യത്തിൽ നിന്നാണ് ഇന്ത്യയുടെ ശക്തി പ്രവഹിക്കുന്നത്.

കാൽ നൂറ്റാണ്ടിലേക്കുള്ള ലക്ഷ്യങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. സമ്പൂർണ വികസിത ഭാരതം, അടിമത്ത മനോഭാവത്തിന്‍റെ സമ്പൂർണ്ണ നിർമാർജനം, പാരമ്പര്യത്തിലുള്ള അഭിമാനം, ഐക്യവും ഏകത്വവും. പൗരധർമ്മം പാലിക്കൽ എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.  പൗരന്‍റെ ഇച്ഛകളെ പൂർത്തിയാക്കാൻ ഭരണകൂടം ശ്രമിക്കണം.  രാജ്യം സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോൾ അടിമത്ത മനോഭാവത്തില്‍ നിന്ന് ഇന്ത്യ സമ്പൂര്‍ണ്ണസ്വാതന്ത്ര്യം കൈവരിക്കണം. ഇന്ത്യ എങ്ങനെയോ അങ്ങനെ തന്നെയാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.