
ഭോപ്പാല്‍: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷക വിരുദ്ധമായ ഈ കരാര്‍ ഉടന്‍ റദ്ദാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭോപ്പാലില്‍ നടന്ന ‘കിസാന്‍ മഹാചൗപാല്‍’ കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ കര്‍ഷകരുടെ നെഞ്ചിലേക്ക് തറച്ച അമ്പാണ് ഈ വ്യാപാര കരാറെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. യുഎസ് സുപ്രീം കോടതിയുടെ വിധി വന്ന സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കാന്‍ അദ്ദേഹം പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. എന്നാല്‍ മോദിക്ക് അതിന് കഴിയില്ലെന്നും രാഹുല്‍ പരിഹസിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മോദി ഈ കരാറില്‍ ഒപ്പിട്ടതെന്ന് രാഹുല്‍ ആരോപിച്ചു. ‘എപ്സ്റ്റീന്‍ ഫയലുകളില്‍ നിന്നും വ്യവസായി അദാനിയെയും രക്ഷിക്കാനാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ പണയപ്പെടുത്തിയത്,’ അദ്ദേഹം ആരോപിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, നിതിന്‍ ഗഡ്കരി തുടങ്ങിയ മുതിര്‍ന്ന മന്ത്രിമാരെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് മോദി ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃഷിക്ക് പുറമെ രാജ്യത്തിന്റെ ഡാറ്റാ സുരക്ഷ, ടെക്‌സ്‌റ്റൈല്‍, ഇറക്കുമതി മേഖലകളെയും ഈ കരാര്‍ ദോഷകരമായി ബാധിക്കുമെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കാന്‍ തന്നെ അനുവദിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവാനെയുടെ പുസ്തകത്തെ പരാമര്‍ശിച്ചുകൊണ്ട്, യുദ്ധം ചെയ്യാനുള്ള തീരുമാനം രാഷ്ട്രീയമാണെന്നും അത് സൈനികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റാലിയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചു. പ്രധാനമന്ത്രി ഒരു ഭീരുവാണെന്നും ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ സര്‍ക്കാരിന്റെ കീഴടങ്ങലാണ് കാണിക്കുന്നതെന്നും ഖര്‍ഗെ പറഞ്ഞു.