പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; മൂന്ന് ദിവസത്തിനിടെ ചികിത്സ തേടിയത് മുപ്പതിനായിരത്തിലേറെ പേർ

Thursday, December 7, 2023


സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. പ്രതിദിനം പതിനായിരത്തിലേറെ ആളുകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പനിബാധിച്ച് ചികിത്സ തേടുന്നത്. മൂന്ന് ദിവസത്തിനിടെ മുപ്പതിനായിരത്തിലേറെ പേരാണ് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ രോഗികള്‍ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ്. കാലവസ്ഥ വ്യതിയാനവും ഇടവിട്ട് പെയ്യുന്ന മഴയുമാണ് പനി കൂടാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.

പകര്‍ച്ചപ്പനിക്ക് പുറമേ ഡെങ്കിപ്പനിയും, എലിപ്പനിയും വ്യാപകമായി പടരുകയാണ്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കനുസരിച്ചു സംസ്ഥാനത്ത് 268 പേര്‍ക്ക് ഡെങ്കിപ്പനിയും 20 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. എലിപ്പനിമൂലം ഒരു മരണവുമുണ്ടായി. ഇവയ്ക്കു പുറമേ കോവിഡ് ബാധിതരുടെ എണ്ണത്തിലും നേരിയ വര്‍ധനവുണ്ട്. കോവിഡ് ലക്ഷണങ്ങളോടെ നിരവധി പേരാണ് ദിനംപ്രതി ചികിത്സ തേടുന്നത്. പ്രതിദിനം ഇരുപതോളം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നിര്‍ദേശം.