സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വിലവർധന; പ്രത്യേക സമിതി റിപ്പോർട്ട് ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും

Jaihind Webdesk
Wednesday, January 3, 2024

 

തിരുവനന്തപുരം: സപ്ലൈകോയിലെ അവശ്യവസ്തുക്കളുടെ വില വർധനവ് സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് മന്ത്രിസഭായോഗം ഇന്ന് പരിഗണിക്കും. പുനഃസംഘടിപ്പിച്ച ശേഷം പുതിയ മന്ത്രിമാർ പങ്കെടുക്കുന്ന ആദ്യ മന്ത്രിസഭായോഗമാണ് ഇന്ന് നടക്കുക. നവകേരള സദസിനുശേഷം സെക്രട്ടറിയേറ്റിൽ ചേരുന്ന ആദ്യ മന്ത്രിസഭായോഗവുമാണ് ഇന്നത്തേത്. സപ്ലൈകോയിലെ അവശ്യ വസ്തുക്കൾക്ക് 50 ശതമാനം വരെ വിലവർധനവാണ് പ്രത്യേക സമിതി ശുപാർശ ചെയ്തിരിക്കുന്നത്.

വിപണി വിലയുടെ പകുതിയിൽ താഴെയാണ് മുളക് പോലുള്ള ഉൽപന്നങ്ങളുടെ നിരക്കെന്നും ഇതു സ്ഥാപനത്തിന്‍റെ നിലനിൽപിനു ദോഷകരമാണെന്നും സംസ്ഥാന ആസൂത്രണ കമ്മിഷൻ അംഗം ഡോ. രവിരാമൻ അധ്യക്ഷനും ഭക്ഷ്യ സെക്രട്ടറി അജിത് കുമാർ, സപ്ലൈകോ എംഡി ഡോ. ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ അംഗങ്ങളുമായ സമിതി ചൂണ്ടിക്കാട്ടി.സമിതി റിപ്പോർട്ട് മന്ത്രി ജി.ആർ. അനിലിനു സമർപ്പിച്ചു. റിപ്പോർട്ടിലെ ശുപാർശകൾ ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും. വില വർധിപ്പിക്കാൻ നേരത്തേ എൽഡിഎഫ് അനുവാദം നൽകിയിരുന്നു.

സമിതിയുടെ പ്രധാന നിർദേശങ്ങൾ:

വിപണി വിലയും സപ്ലൈകോയിലെ വിലയും തമ്മിലുള്ള അന്തരം കുറയ്ക്കണം. 2016 ഏപ്രിലിൽ വില നിശ്ചയിക്കുമ്പോൾ വിപണിയിലേതിനെക്കാൾ 25% കുറവായിരുന്നു സപ്ലൈകോയിലെ വില. സ്ഥാപനം പ്രതിസന്ധിയിലായിരിക്കെ ഇത്രയും വിലകുറച്ചു നൽകാൻ പ്രയാസകരമാണ്.

കൂടുതൽ മാവേലി സ്റ്റോറുകൾ സൂപ്പർമാർക്കറ്റുകളാക്കി വിൽപ്പന ആകർഷകമാക്കണം.

പുതിയകാല ഭക്ഷ്യ, ഉപഭോഗ ഉൽപന്നങ്ങൾ വിൽപ്പനശാലകളിൽ എത്തിച്ച് ജനങ്ങളെ ആകർഷിക്കണം.